എം.എഫ്. ഹുസൈന്‍; ഭാവനകള്‍ക്ക് ചിലപ്പോഴൊക്കെ വലിയ വിലകൊടുക്കേണ്ടിവന്ന കലാകാരന്‍

സംഘര്‍ഷങ്ങള്‍ നിറഞ്ഞ കലാജീവിതത്തിനപ്പുറം മക്ബൂല്‍ ഫിദ ഹുസൈന്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും ആഖ്യാനം തുടരുകയാണ്. ഇന്ത്യന്‍ ചിത്രകലയെ സമ്പന്നമാക്കിയ ഭാരതീയന്‍ എന്ന പൊതുകല്പന ഹുസൈന്‍ എന്ന കലാകാരന്റെ ജീവിതത്തെ ശാശ്വതീകരിക്കുന്നുണ്ടെങ്കിലും ആ രചനാജീവിതം ഉടനീളം പുലര്‍ത്തിപ്പോന്ന വര്‍ണപ്രയോഗത്തിലെ മൗലികതയും ബലിഷ്ഠവുമായ രേഖാവിന്യാസവും ചലനത്തിന്റെ വിവിധവേഗങ്ങളെ ആസ്പദമാക്കിയുള്ള ആവിഷ്‌കാരങ്ങളും കലയിലെ നവീനമായ സ്വാതന്ത്ര്യബോധത്തിന്റെ പ്രഖ്യാപനമാകുന്നു.
വിവാദഭരിതമായ ആഖ്യാനങ്ങളെ സംഘടിതമായ മതശക്തികള്‍ ചോദ്യംചെയ്തപ്പോള്‍ സ്വയം നാട് കടക്കുകയും മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുകയും ചെയ്ത പരിതോവസ്ഥ അദ്ദേഹത്തെ അകമേ വിഷാദഭരിതനാക്കിയിരുന്നു. അവസാനനാളുകളില്‍ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്: ''ഞാന്‍ ജീവിതത്തില്‍ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കണ്ടതെല്ലാം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ത്തന്നെയായിരുന്നു'' എന്നാണ്. തന്റെ വര്‍ണ സങ്കലനങ്ങളില്‍ പ്രകാശവത്തായ നിറങ്ങള്‍ വന്നുചേര്‍ന്നത് ചൂടുള്ള സൂര്യപ്രകാശംകൊണ്ടു തിളങ്ങുന്ന ഇന്ത്യന്‍ മണ്‍പാതകളും പൂക്കളും വിവിധ വസ്ത്രങ്ങളിഞ്ഞ മനുഷ്യരുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ദക്ഷിണാഫ്രിക്കയില്‍നിന്ന് ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഷമാണ് (1915) മഹാരാഷ്ട്രയിലെ പന്ത്രാര്‍പുരില്‍ ഹുസൈന്‍ ജനിക്കുന്നത്. കുട്ടിക്കാലത്ത് അമ്മ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മുത്തച്ഛന്റെകൂടെയായിരുന്നു ജീവിതം. ബറോഡയിലും ഇന്ദോറിലും മദ്രസയില്‍ പഠിക്കുന്നകാലത്താണ് ആ ബാലന്റെ അറബ് ചിത്രാക്ഷരി (കുഫി)യിലുള്ള അഭിനിവേശം പ്രകടമാവുന്നത്. അതിവേഗം അത് ചിത്രരചനയിലേക്കു വഴിമാറി. അങ്ങനെയാണ് ഇന്ദോറിലെ ചിത്രകലാ മഹാവിദ്യാലയത്തിലെ സായാഹ്നക്ലാസുകളില്‍ എത്തിപ്പെടുന്നത്. പകല്‍ മുഴുവന്‍ ഒരു തയ്യല്‍ക്കടയില്‍ തുണികള്‍ മുറിക്കുന്ന ജോലിചെയ്യും.
അക്കാലത്തെ ദരിദ്രനായ ഏതൊരു ഇന്ത്യക്കാരനെയുംപോലെ ഭാഗ്യം തേടി യുവാവായ ഹുസൈന്‍ മുംബൈനഗരത്തിലേക്ക് കുടിയേറി. ഒരു കലാകാരന്‍ എന്ന നിലയില്‍ സിനിമയുടെ പോസ്റ്ററുകള്‍ തയ്യാറാക്കിയും വലിയ ഹോര്‍ഡിങ്ങുകളില്‍ സിനിമാചിത്രം വരച്ചും സ്വയംരചിച്ച ചിത്രങ്ങള്‍ ഗുജറാത്തിലെ ഗ്രാമങ്ങളില്‍കൊണ്ടുപോയി വില്‍പ്പന നടത്തിയും ജീവിച്ച ഹുസൈന്റെ ഒരു ചിത്രം മഹാനഗരത്തിലെ മത്സരത്തില്‍ സമ്മാനിതമാകുന്നതോടെയാണ് വീണ്ടും ഗതിമാറുന്നത്. ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ വൈകാതെ വിദ്യാര്‍ഥിയായി ചേര്‍ന്നു. അതോടൊപ്പം ഒരു പാവ നിര്‍മാണകേന്ദ്രത്തിലും ജോലി നോക്കി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച നാളുകളില്‍ ഹുസൈന്റെ സ്വപ്നങ്ങളും വളര്‍ന്നു. ഒരു ചിത്രകാരനെന്ന നിലയില്‍ മികച്ച പ്രതികരണങ്ങള്‍ അദ്ദേഹം നേടിയെടുത്തിരുന്നു. ഇതാണ് ആറു ചിത്രകാരന്മാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ബോംബെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലെ സ്ഥാപകാംഗമാവാന്‍ കാരണമായത്.
ഇന്ത്യന്‍ ചിത്രകലയില്‍ പ്രകോപനപരമായ ഒരു ലാവണ്യാവിഷ്‌കാരം കാലം ആവശ്യപ്പെടുന്നുണ്ടെന്ന് അവര്‍ കരുതി. ചിത്രകലയിലെ ലാളിത്യം നിറഞ്ഞ രൂപനിര്‍മിതിക്കും ഒഴുകുന്ന രേഖാചിത്രണത്തിനും ബദലായി സൗന്ദര്യശാസ്ത്രപരമായ പുതുനിര്‍മാണത്തിന് യൂറോപ്യന്‍ ആധുനികതയെ സ്വീകരിക്കാമെന്നും അവര്‍ കണ്ടെത്തി. ന്യൂട്ടന്‍ സൂസ, എച്ച്.എസ്. റാസ, കെ.എച്ച്. അര, എച്ച്.എ. ഗാഡെ, എസ്.കെ. ബാക്രെ എന്നിവരാണ് ഹുസൈനുപുറമേ പ്രോഗ്രസീവ് ഗ്രൂപ്പിലുണ്ടായിരുന്നത്.
അവര്‍ വിദൂര ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലേക്ക് ചേക്കേറിയവരായിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെയാണ് ഹുസൈന്റെ കലാശൈലിയുടെ രൂപവത്കരണം നടക്കുന്നത്. ഗ്രാമീണജീവിതസന്ദര്‍ഭങ്ങള്‍, നാടോടിക്കലകളിലെ വര്‍ണ സങ്കലനങ്ങള്‍, പുരാണങ്ങളിലെ ആഖ്യാനരീതികള്‍, മഹാഭാരതത്തിലും രാമായണത്തിലും കാണുന്ന പ്രചോദനം നിറഞ്ഞ ഭാവനകള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജീവിതക്കാഴ്ചകള്‍, നേതാക്കള്‍, വിവിധ മൃഗരൂപങ്ങള്‍ എന്നിവയെല്ലാം സ്വാംശീകരിച്ച് മനുഷ്യാഖ്യാനത്തിന്റെ ഡോക്യുമെന്റേഷനായി ഹുസൈന്‍ ചിത്രങ്ങള്‍ മാറി.
ടോങ്ക, ഹോഴ്സ് ആന്‍ഡ് കാമല്‍. പെസന്റ് കപ്പിള്‍, വില്ലേജ് വുമണ്‍, യാത്ര, വല്ലേജ് സീന്‍, ത്രീ ലേഡീസ്, കുതിരകള്‍, ഫാര്‍മര്‍ ആന്‍ഡ് ബുള്‍, പ്ലഗിങ് ഫാര്‍മര്‍ എന്നീ ഹുസൈന്‍ ചിത്രങ്ങള്‍ തികച്ചും ഇന്ത്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന വര്‍ണ വൈവിധ്യമുള്ള ഗ്രാമീണക്കാഴ്ചകളായിരുന്നു. അതിനിണങ്ങുന്ന രൂപനിര്‍മാണ ശൈലി അദ്ദേഹം കണ്ടെത്തുകതന്നെ ചെയ്തു. വിസ്മയകരം എന്നു വിശേഷിപ്പിക്കാവുന്ന നിറങ്ങളുടെ ആശ്ലേഷം ഈ ചിത്രങ്ങളില്‍ കാണാം. പലപ്പോഴും രാധയായാലും കൃഷ്ണനായാലും മറ്റു സ്ത്രീകളായാലും ഇന്ത്യന്‍ നൃത്തങ്ങളിലെ ചലനാത്മകമായ നടനനിലകള്‍ ഹുസൈന്‍ വക്രീകരിച്ച് ഉപയോഗിക്കുന്നുണ്ട്.
ഹുസൈന്‍ വരച്ച ഗാന്ധിജിക്കും മദര്‍ തെരേസയ്ക്കും മുഖമില്ലായിരുന്നു. അവരുടെ അനുതാപം ഇന്ത്യന്‍ ജനതയില്‍ കുടികൊള്ളുന്നു എന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. അദ്ദേഹത്തിന്റെ കുതിര പരമ്പരകള്‍ അമ്പരപ്പിക്കുംവിധം ചലനവേഗങ്ങളും ഊര്‍ജം പ്രസരിപ്പിക്കുന്നതും 'ദീപകരാഗ'വും കൃഷ്ണഗോപാലയുമൊക്കെ നിറങ്ങളുടെ സൂക്ഷ്മവിന്യാസംകൊണ്ട് ആകര്‍ഷകവുമായിരുന്നു. ക്യൂബിസത്തിന്റെയും എക്‌സ്പ്രഷനിസത്തിന്റെയും പോസ്റ്റ് ഇംപ്ലഷനിസത്തിന്റെയും കലാരീതികുളടെ വിദൂരമായ പ്രയോഗരീതികളും ഹുസൈന്‍ ചിത്രങ്ങളെ അലംകൃതമാക്കി.
കലാകാരന്‍ പങ്കുവെക്കുന്ന സൗന്ദര്യവിചാരങ്ങളെയും ആഖ്യാനരീതിയെയും ഒരു കാഴ്ചക്കാരന്‍ അതേ യാഥാര്‍ഥ്യത്തോടെ ഉള്‍ക്കൊള്ളണമെന്നില്ല. ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ സൗന്ദര്യ സങ്കല്പങ്ങളും ദൃശ്യബോധവുമൊക്കെ രവിവര്‍മ്മ ചിത്രങ്ങളില്‍നിന്നും കലണ്ടര്‍ ചിത്രങ്ങളില്‍നിന്നും പൗരാണിക മിനിയേച്ചറുകളില്‍നിന്നുമൊക്കെ രൂപപ്പെട്ടവയാണ്. ഹുസൈന്‍ സരസ്വതിയെയും കൃഷ്ണനെയും ഉടയാടകളില്ലാതെ വരച്ചപ്പോള്‍ തീവ്രമതബോധത്തിന്റെ സംഘടിത ശക്തികള്‍ എതിര്‍പ്പുയര്‍ത്തിയത് അതുകൊണ്ടുതന്നെയാണ്.
എട്ട് ക്രിമിനല്‍ക്കേസുകളാണ് അദ്ദേഹത്തിന്റെപേരില്‍ അന്ന് ചുമത്തിയത്. അദ്ദേഹത്തിന്റെ വീട് അക്രമികള്‍ തകര്‍ത്തു. നഗ്‌നയായ മദര്‍ ഇന്ത്യയുടെ ചിത്രം അദ്ദേഹത്തിനു പിന്‍വലിക്കേണ്ടിവന്നു. 2006-ല്‍ ലണ്ടനിലെ ആര്‍ട്ട് ഗാലറിയില്‍ അക്രമം നടത്തിയതിനെത്തുടര്‍ന്ന് എക്‌സിബിഷന്‍ ഉപേക്ഷിക്കേണ്ടിവന്നു. എഴുപതുകളില്‍ വരച്ച ചിത്രങ്ങളുടെ പേരില്‍ 1990 മുതല്‍ നിരന്തരമായ പീഡനങ്ങള്‍ക്ക് ഹുസൈന്‍ വിധേയനായി. അറസ്റ്റുവരെ നേരിടേണ്ടിവന്നു. ചിത്രകാരനെന്ന നിലയ്ക്ക് തന്റെ ഭാവനകള്‍ക്ക് ചിലപ്പോഴൊക്കെ വലിയ വിലകൊടുക്കേണ്ടിവന്നിട്ടുണ്ട്. അത് ചിത്രകാരന്റെ വിധിയാണ്.
ചിത്രകലയുടെ ജൈവിക പരിസരങ്ങളില്‍നിന്ന് ഹുസൈന്‍, ബോളിവുഡിലേക്ക് ചുവടുമാറ്റി. മാധുരി ദീക്ഷിത് എന്ന ലാവണ്യ ബിംബത്തെ നായികയാക്കി അദ്ദേഹം 'ഗജഗാമിനി' എന്നൊരു ചിത്രം സംവിധാനംചെയ്തു. തബുവിനെ നായികയാക്കി നിര്‍മിച്ച 'മീനാക്ഷി: മൂന്നുനഗരങ്ങളുടെ കഥ' എന്ന ചിത്രത്തിലെ ഒരു ഗാനം, ഇസ്ലാമിക നിന്ദയാണെന്ന് ചൂണ്ടിക്കാട്ടി. വിവിധ മുസ്ലിം സംഘടനകളും അദ്ദേഹത്തിനെതിരേ തിരിയുന്നുണ്ട്. 2006 മുതല്‍ അദ്ദേഹം ദോഹയിലായിരുന്നു. 2010-ല്‍ അദ്ദേഹത്തിനു ഖത്തര്‍ പൗരത്വം നല്‍കി.
കേരളത്തെക്കുറിച്ച് അദ്ദേഹം 20 ചിത്രങ്ങള്‍ തയ്യാറാക്കി. 95 വയസ്സിനുള്ളില്‍ ഈ കലാകാരന്‍ ഒരുലക്ഷം ചിത്രങ്ങള്‍ വരച്ചു. ഫോബ്സ് മാസിക ഹുസൈനെ വിശേഷിപ്പിച്ചത് 'ഇന്ത്യയിലെ പിക്കാസോ' എന്നാണ്. 2004-ലെ കേരളയാത്രയ്ക്കിടയില്‍ ചന്ദ്രനില്‍വരെ മലയാളിയെ കാണാമെന്ന് ആരോ പറഞ്ഞപ്പോള്‍ എങ്കില്‍ അവിടെയെത്തി ചന്ദ്രന്റെ ചുമരുകളില്‍ പെയ്ന്റുചെയ്യുമെന്ന് ഹുസൈന്‍ പ്രഖ്യാപിച്ചു. അതാണ് ഫിദ ഹുസൈന്‍.
Content Highlights: Life and art of M.F. Husain, a controversial yet influential Indian painter