തിരുവനന്തപുരത്ത് അവലോകനയോഗം; ഹരിപ്പാട് കുടിവെള്ള പദ്ധതി കമ്മിഷനിങ് ഉടൻ

ഹരിപ്പാട് : പള്ളിപ്പാട് കേന്ദ്രീകരിച്ചുള്ള ഹരിപ്പാട് കുടിവെള്ള പദ്ധതി ഉടൻ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുടിവെള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ജല അതോറിറ്റി, ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് പദ്ധതി വൈകിപ്പിക്കുന്ന രീതി ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല നിർദേശിച്ചു. മാന്നാറിൽനിന്നു പള്ളിപ്പാട്ട് കുടിവെള്ളം എത്തിക്കുന്നതിനുള്ള കുഴലിടുന്ന ജോലി എത്രയുംവേഗം പൂർത്തിയാക്കും. പള്ളിപ്പാട്ടെ പദ്ധതിപ്രദേശത്ത് ജലശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ സമാന്തരമായി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല നിർദേശിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ കരാർ നൽകുന്നതിലെ സാങ്കേതിക തടസ്സങ്ങൾ മറികടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജലവിഭവ മന്ത്രി മോൻസ് ജോസഫ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേന്ദ്രമന്ത്രിയെ നേരിൽക്കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് മോൻസ് ജോസഫ് യോഗത്തിൽ അറിയിച്ചു. പദ്ധതിയുടെ നിർവഹണത്തിനാവശ്യമായ ഫണ്ടിന്റെ ക്രമീകരണത്തിലും ആവശ്യമായ തുടർനടപടി സർക്കാർതലത്തിൽ സ്വീകരിക്കും.

കടൽഭിത്തി, പുലിമുട്ട് പദ്ധതികളുടെ പുരോഗതി വിലയിരുത്തി

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ എ.ഡി.ബി. ധനസഹായത്തോടെ വിഭാവനം ചെയ്തിട്ടുള്ള കടൽഭിത്തി, പുലിമുട്ട് പദ്ധതികളുടെ നിർമാണപുരോഗതിയും യോഗം വിലയിരുത്തി.

തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലായി 572.49 കോടി രൂപയുടെ പ്രോജക്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന് വാട്ടർ റിസോഴ്‌സ് പി.എം.യു. മിഷൻ ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ഈ പദ്ധതിയുടെ നിർവഹണം എത്രയുംവേഗം ആരംഭിക്കണമെന്ന് രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.