തേനീച്ച വളർത്താം... ലാഭം നേടാം...

വ്യത്യസ്ത തേൻവിഭവങ്ങളുമായി ഹോർട്ടികോർപ്
മാങ്കാംകുഴി : തേനീച്ചവളർത്തൽ പരിശീലനത്തിനും തേൻ ഉത്പാദിപ്പിച്ചു സംസ്‌കരിച്ച് വ്യത്യസ്ത രുചികളിലുള്ള മൂല്യവർധിത ഉത്പന്നങ്ങളായി വിപണനം നടത്തുന്നതിനും ഹോർട്ടികോർപ്. മാവേലിക്കര നിയോജകമണ്ഡലത്തിലെ കല്ലിമേലുള്ള തേനീച്ചവളർത്തൽ കേന്ദ്രത്തിലാണ് പരിശീലനത്തിനു പുറമേ, മരുന്നിനും സൗന്ദര്യവർധക ഉത്പന്നങ്ങളായും തേൻ സംസ്‌കരിച്ചെടുത്ത് വിവിധ ബ്രാൻഡുകളായി വിറ്റഴിക്കുന്നത്. കല്ലിമേൽ ജില്ല കൃഷിത്തോട്ടത്തിനോടു ചേർന്നുള്ള മൂന്നേക്കറിലാണ് തേനീച്ചവളർത്തൽ കേന്ദ്രം.
തേൻ സംസ്‌കരണ യൂണിറ്റ്, മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റ്, തേനീച്ചവളർത്തൽ പരിശീലനകേന്ദ്രം, തേൻ പരിശോധനാ ലബോറട്രി, ട്രെയിനിങ് ഹോസ്റ്റൽ, തേനീച്ച പാർക്ക്, തേൻ വിൽപ്പനകേന്ദ്രം എന്നിവ ഇവിടെയുണ്ട്.
ശുദ്ധമായ തേൻ അമൃത്ഹണി എന്ന ബ്രാൻഡിലാണുള്ളത്. ഇഞ്ചി, നെല്ലിക്ക, വെളുത്തുള്ളി, ചക്ക, പൈനാപ്പിൾ, കുരുമുളക്, മഞ്ഞൾ, പേരയ്ക്ക, തുളസി എന്നീ രുചികളിലും തേൻ വിപണനം നടത്തുന്നു. തേൻ വേർതിരിച്ച മെഴുകിൽനിന്ന് വേദനസംഹാരികളായ ബാമുകൾ, ക്രാക്ക് ബാം, ലിപ് ബാം, ഹെയർ കണ്ടീഷണർ, ഹണി ഫേഷ്യൽ തുടങ്ങിയ സൗന്ദര്യവർധക വസ്തുക്കളും ഉത്പാദിപ്പിച്ച് അംഗീകൃത ഹോർട്ടികോർപ് വിപണനകേന്ദ്രങ്ങൾ വഴി വിറ്റഴിക്കുന്നു.
തേനീച്ചവളർത്തലിൽ സൗജന്യ പരിശീലനവും സാങ്കേതികസഹായവും
സംസ്ഥാനത്ത് ശാസ്ത്രീയമായി തേനീച്ചവളർത്തൽ പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥാപനമാണ് കല്ലിമേൽ ഹോർട്ടികോർപ് തേനീച്ചവളർത്തൽ പരിശീലനകേന്ദ്രം. മൂന്നുദിവസമാണ് സൗജന്യപരിശീലന കാലയളവ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാല്പതു ശതമാനം സബ്‌സിഡി വ്യവസ്ഥയിൽ തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും നൽകും. കർഷകർ ഉത്പാദിപ്പിക്കുന്ന തേൻ ന്യായവില നൽകി ഹോർട്ടികോർപ് സംഭരിച്ച് ആധുനിക തേൻസംസ്‌കരണ യൂണിറ്റിൽ സംസ്‌കരിച്ച് ഗുണമേന്മ ഉറപ്പാക്കി മൂല്യവർധിത ഉത്പന്നങ്ങളാക്കും. കർഷകർ ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദേശീയ തേനീച്ച ബോർഡിന്റെ സഹായത്തോടെ തേനീച്ച വളർത്തൽ, തേനിന്റെ ഉപഭോഗം വർധിപ്പിക്കുക എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, ശില്പശാലകൾ എന്നിവയും സംഘടിപ്പിക്കുന്നു.
സുനിൽ ബി.
(റീജണൽ മാനേജർ), ഹോർട്ടികോർപ്, കല്ലിമേൽ