ലഹരിമുക്ത സമൂഹം സൃഷ്‌ടിക്കണം- സജി ചെറിയാൻ

വെൺമണി : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾ നേതൃത്വം നൽകണമെന്നും ലഹരിമുക്ത സമൂഹത്തിന്റെ സൃഷ്ടിക്കായി യുവതലമുറ സജീവമായി രംഗത്തിറങ്ങണമെന്നും സജി ചെറിയാൻ എം.എൽ.എ. പറഞ്ഞു.

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ കാംപെയ്‌നായ ‘തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വൊളന്റിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കത്തൺ വെൺമണി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി കല്യാത്ര ജങ്ഷനിൽ എത്തിയശേഷം മാർത്തോമ്മാ സഭയുടെ സാമൂഹികസേവന വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡിവലപ്‌മെന്റ് ആരംഭിച്ച വായനയാണ് ലഹരി കാംപെയ്‌ന്റെ ഭാഗമായി ‘അക്ഷരലഹരി’ എന്ന ലഹരിവിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചു.എൻ.എസ്.എസ്. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഷീബ ഉമ്മനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിസ മറിയം ജോർജും നേതൃത്വം നൽകി.

ലഹരിവിരുദ്ധ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ രാജീവ് നിർവഹിച്ചു. ലഹരിവിരുദ്ധപ്രതിജ്ഞയ്ക്ക് സി.എ.ആർ.ഡി. ഡയറക്ടർ ഫാ. ഷിബു സാമുവൽ നേതൃത്വം നൽകി. വെൺമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്. അനന്തു മുഖ്യസന്ദേശം നൽകി.

ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി കുമാരി, വാർഡ് മെമ്പർ ദിലീപ് ഗാർഡൻസ്, വെൻസെക്ക് ചെയർമാൻ കോശി സാമുവൽ, പ്രഥമാധ്യാപകൻ സജി അലക്സ്, പി.ടി.എ. പ്രസിഡന്റ് എസ് ശ്രീകുമാർ. വൈസ് പ്രസിഡന്റ് ബിജി മാത്യു, മാത്യു, പി.ടി.എ. പ്രസിഡന്റ് ബിൻസി ബൈജു എന്നിവർ സംസാരിച്ചു.