പാണ്ടനാട്ടിൽ തോടുകൾ നികന്നു; കർഷകരെങ്ങനെ കൃഷിചെയ്യും ?

പാണ്ടനാട് : പാണ്ടനാട്ടിലെ കൃഷിയിടങ്ങളെ ജലസമൃദ്ധമാക്കിയിരുന്ന തോടുകൾ നികന്നത് നെൽക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വർഷങ്ങളായി നവീകരിക്കാത്ത തോടുകൾ മണ്ണിടിഞ്ഞതും സംരക്ഷണഭിത്തി തകർന്നതും കൃഷിക്ക്‌ തിരിച്ചടിയാണ്. ഈവർഷം നെൽക്കൃഷിക്കായുള്ള ഒരുക്കം പാടശേഖരങ്ങളിൽ തകൃതിയായി നടക്കുകയാണ്. എന്നാൽ, പാടശേഖരങ്ങളിലെ വെള്ളക്കെട്ടുമൂലം പാകിയ ഞാറുകൾ പറിച്ചുനടാൻ കഴിയുന്നില്ല. വടപുറം പാടശേഖരത്തിൽ ഞാറ് പാകിയിട്ട് 35 ദിവസമായി. പറിച്ചുനടണമെങ്കിൽ വെള്ളക്കെട്ടൊഴിയണം.

വെള്ളക്കെട്ട് ഒഴിയാത്തതിനാൽ പറിച്ചുനടീൽ നടന്നിട്ടില്ല.തൊട്ടടുത്ത പാടശേഖരത്തിൽനിന്നു പുറത്തേക്കുകളയുന്ന വെള്ളംകൂടി ഈ പാടശേഖരത്തിലാണെത്തുന്നത്. അതേസമയം പാടശേഖരത്തിലെ വെള്ളം തൊട്ടടുത്തുള്ള ഏലാത്തോട്ടിലുടെ ഒഴുകിപ്പോയാൽ പ്രതിസന്ധി പരിഹരിക്കാം. എന്നാൽ, ഈ തോട് മണ്ണടിഞ്ഞ് നികന്നു. ഇതു വൃത്തിയാക്കാൻ രണ്ടുലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതിയായെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് പാടശേഖരസമിതിയെ അറിയിച്ചെങ്കിലും തോട് വൃത്തിയാക്കിയിട്ടില്ല. ഡിസംബറാകുമ്പോൾ കൃഷി പി.ഐ.പി. വെള്ളത്തെ ആശ്രയിച്ചാണു നടക്കുന്നത്.

കനാൽവെള്ളം ഈവർഷം ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. പി.ഐ.പി. കനാലിന്റെ പല ഭാഗങ്ങളും തകർന്നുകിടക്കുന്നതും കർഷകരെ വലയ്ക്കുന്നു.ഇല്ലിമലത്തോട്, പാണ്ടനാട് നോർത്ത് തൂമ്പിൽ തോട്, മുതവഴി ഇടക്കടവ്, ഈരയിൽത്തോട് എന്നിവ പാണ്ടനാട്ടിലെ കൃഷിയിടങ്ങളെ ജലസമൃദ്ധമാക്കിയിരുന്നു.

ഈ തോടുകളെല്ലാം നാശത്തിന്റെ വക്കിലാണ്. പാണ്ടനാട് പഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെ കടന്നുപോകുന്നതും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽനിന്നുള്ള വെള്ളം വെള്ളൂപ്പടവ് പുഞ്ചയിൽ എത്തിക്കുന്നതുമായ കനാൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

കനാലിന്റെ കരിങ്കൽക്കെട്ടുകൾക്കു ബലക്ഷയമുണ്ട്. ഇതുമൂലം ലിഫ്റ്റ്‌ ഇറിഗേഷൻ പദ്ധതിയിൽനിന്നുള്ള വെള്ളം പൂർണമായി പാടശേഖരത്തിലെത്തുന്നില്ല. ഇതേ പ്രശ്‌നംതന്നെയാണ് കീഴ്വന്മഴി പാടശേഖരത്തിലും. പമ്പാനദിയിൽനിന്നു വെള്ളമടിക്കുമ്പോൾ കനാൽ കവിഞ്ഞൊഴുകുയാണ്. ഇതുമൂലം ആവശ്യത്തിനു വെള്ളം പാടശേഖരത്തിൽ എത്തുന്നില്ല.