പാലങ്ങൾക്ക് കോടിക്കിലുക്കം; റോഡുപണി പാളി

പൂച്ചാക്കൽ : ചേർത്തല താലൂക്കിന്റെ വടക്കൻമേഖലയിൽ പുതുതായി മൂന്നു പാലങ്ങൾ നിർമിച്ചിട്ടും ബന്ധപ്പെട്ട റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ല. 225 കോടിയോളം രൂപ മുടക്കി നിർമിച്ച പാലങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇതിന്റെ പത്തിലൊന്ന് തുക മതിയാകും. പെരുമ്പളം -വടുതല ജെട്ടി പാലം നിർമിച്ചത് 106.7 കോടി സംസ്ഥാന ഖജനാവിൽനിന്നു മുടക്കിയാണ്. വിളക്കുമരം -നെടുമ്പ്രക്കാട് പാലത്തിനായി 20 കോടി സർക്കാർ മുടക്കി. 18-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തുറന്നു നൽകാൻ പോകുന്ന മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ മുടക്കുമുതൽ 98.9 കോടിയുമാണ്.

റോഡിന് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലലഭ്യതയിലെ പ്രശ്‌നങ്ങളും വെല്ലുവിളി ഉയർത്തുന്നുണ്ട്. വിളക്കുമരം-നെടുമ്പ്രക്കാട്, പെരുമ്പളം-വടുതല ജെട്ടി പാലങ്ങളിലൂടെ ബസുകൾ ഓടിത്തുടങ്ങാത്തതിന്റെ പ്രധാന കാരണം റോഡുകളുടെ ശോച്യാവസ്ഥയാണ്. കഴിഞ്ഞ മാർച്ച് ഏഴിനു പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തദിവസം മൂന്നു കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയെങ്കിലും പിന്നീട് നടത്തിയില്ല. ഇപ്പോൾ പുതിയ കെ.എസ്.ആർ.ടി.സി. ബസ് അനുവദിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ വീതിക്കുറവുമൂലം പാലം കഴിഞ്ഞു പെരുമ്പളത്തേക്കു പോകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 150 രൂപ ഓട്ടോക്കൂലി മുടക്കിയാണ് പലരും പോകുന്നത്. ബോട്ട് സർവീസിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരും ഒട്ടേറെയുണ്ട്.

​അരൂർ, ചേർത്തല നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വിളക്കുമരം-നെടുമ്പ്രക്കാട് പാലം ചേർത്തല-അരൂക്കുറ്റി റോഡിലെ ചെങ്ങണ്ട പാലത്തിനു സമാന്തരമായാണ്. എന്നാൽ, വിളക്കുമരം പാലത്തിലൂടെ പോകുന്ന വാഹനങ്ങൾ നിലവിൽ കുറവാണ്. ചേർത്തല ഇൻഫോപാർക്കിനുൾപ്പെടെ വലിയ വികസന മുന്നേറ്റത്തിനു വഴിയൊരുക്കേണ്ട ഈ പാലം ഇതുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനാൽ യാത്രതന്നെ വിഷമത്തിലായ അവസ്ഥയിലാണ്. രണ്ടു കിലോമീറ്ററോളം വരുന്ന ശ്രീനാരായണക്കവല-വിളക്കുമരം പാലം റോഡുപുനർനിർമിച്ചാൽ പ്രശ്‌നത്തിനു പരിഹാരമുണ്ടാകും.