നിലയ്ക്കില്ല നീരൊഴുക്ക്

രണ്ടു പ്രധാന തോടുകളുടെ പുനരുജ്ജീവനത്തിനു നിർദേശം
ചെട്ടികുളങ്ങര : ഗ്രാമപ്പഞ്ചായത്തിലെ പ്രധാന നീർച്ചാലുകളായ ഒതളപ്പുഴ തോടും പുഞ്ചക്കാല-തട്ടാവഴി തോടും പുനരുജ്ജീവിപ്പിക്കാൻ നിർദേശിച്ച് പഞ്ചായത്ത് ഭരണസമിതി. നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനും വെള്ളപ്പൊക്ക പ്രതിരോധം, ജലസേചനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനുമായി സമഗ്രപദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. സഹായ സഹകരണങ്ങൾ അഭ്യർഥിച്ച് വിവിധ വകുപ്പുകൾക്ക് പ്രമേയത്തിന്റെ പകർപ്പ് സമർപ്പിക്കും.
ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറു ഭാഗങ്ങളിലെത്തി ഉള്ളിട്ട പുഞ്ചയിലേക്ക് ഒഴുകിയെത്തുന്ന പ്രധാന സ്വാഭാവിക നീർച്ചാലാണ് ഒതളപ്പുഴത്തോട്.
ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് മേഖലയിലെ ഒൻപത്, 12, 13, 14 വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാന ജലാശയമാണ് പുഞ്ചക്കാല-തട്ടാവഴിത്തോട്. പതിറ്റാണ്ടുകൾക്കു മുൻപ് ഈ പ്രദേശത്തെ ഇരുപ്പൂ നിലങ്ങളിലെ കൃഷിക്കും ജലസേചനത്തിനും പ്രദേശവാസികളുടെ ഗതാഗത ആവശ്യങ്ങൾക്കും ഉതകുന്ന സ്വാഭാവിക ജലപാതയായിരുന്നു ഈ രണ്ടു തോടുകളും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നെൽക്കൃഷി നിലച്ചതോടെ ആവശ്യമായ പരിപാലനം ലഭിക്കാതെ തോടുകളിലെ സ്വാഭാവിക നീരൊഴുക്ക് നഷ്ടപ്പെട്ട അവസ്ഥയാണ്. മണ്ണും ചെളിയും പോളയും അടിഞ്ഞുകൂടി, തിട്ടയിടിഞ്ഞുവീണ് തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടു. കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും മാലിന്യനിക്ഷേപവും ഗൗരവമേറിയ പ്രശ്നമാണ്. ഇതു മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും വേനൽക്കാലത്ത് പരിസ്ഥിതിപ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ശാസ്ത്രീയ സർവേയും സാങ്കേതിക പഠനവും നടത്തി ഘട്ടംഘട്ടമായി പുനരുജ്ജീവിപ്പിക്കുന്ന ദീർഘകാല പദ്ധതിയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനു ജില്ല പഞ്ചായത്തിന്റെയും ചെറുകിട ജലസേചനം, റവന്യൂ, ജലവിഭവം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും സഹകരണം തേടാനാണ് ഉദ്ദേശിക്കുന്നത്.
സമഗ്ര നീർച്ചാൽ പുനരുജ്ജീവന പദ്ധതി
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് തോടുകളുടെ വീതി, നീളം, ആഴം, കൈയേറ്റം എന്നിവ കണ്ടെത്തുന്ന സർവേയും അതിർത്തി നിർണയം, നീരൊഴുക്ക് പഠനം എന്നിവയും നടത്തും. ആവശ്യമായ സ്ഥലങ്ങളിൽ തോട്ടിൽനിന്നു മണ്ണും ചെളിയും നീക്കംചെയ്യും. തോടും പുറമ്പോക്കും കൈയേറുകയോ അനധികൃത നിർമാണം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ കണ്ടെത്തി നടപടി സ്വീകരിക്കാൻ റവന്യൂ അധികാരികൾക്ക് ശുപാർശ നൽകും.
തോടുകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളോടൊപ്പം സമീപപ്രദേശങ്ങളിലെ തരിശുനിലങ്ങൾ വീണ്ടും കൃഷിയോഗ്യമാക്കുന്നതിന് കൃഷിവകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കും.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കൃഷിക്കാർ, പ്രദേശവാസികൾ, സന്നദ്ധസംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി നീരൊഴുക്കു സംരക്ഷണ ജനകീയ സമിതി രൂപവത്കരിക്കുന്നതിനും തോടുകളുടെ പരിപാലനത്തിനും നിരീക്ഷണത്തിനും വാർഷിക പരിപാലന പദ്ധതി തയ്യാറാക്കുന്നതിനും ഉദ്ദേശ്യമുണ്ട്.