ചേപ്പാട് മാർത്തോമ ഇടവക കൂദാശ നാളെ

മുതുകുളം : ചേപ്പാട് മാർത്തോമ ഇടവക ദേവാലയ കൂദാശ ശനിയാഴ്ച വൈകുന്നേരം മൂന്നിനു നടക്കും. ദേശീയപാത വികസനത്തിനായി 20 സെന്റ് ഭൂമിയും അനുബന്ധ നിർമിതികളും വിട്ടുനൽകേണ്ടി വന്നതിനെത്തുടർന്നാണ് പുതിയ ദേവാലയം പണിതത്. ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത കൂദാശ നിർവഹിക്കും. ഭദ്രാസന അധ്യക്ഷൻ യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പ, ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ എന്നിവർ സഹകാർമികരാകും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനവും ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത നിർവഹിക്കും. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനാകും.

വർഷംതോറും 15 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവും ചികിത്സാ സഹായവും മറ്റും നൽകുന്ന ജീവകാരുണ്യ പദ്ധതി ‘വാത്സല്യനിധി’യുടെ ഉദ്ഘാടനവും ലോഗോ പ്രദർശനവും മാർത്തോമ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്‌കോപ്പ നിർവഹിക്കും. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പൊലീത്ത സുവനീർ പ്രകാശനം ചെയ്യും. കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തീമഥിയോസ് എപ്പിസ്‌കോപ്പ, മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത, സഭാ സെക്രട്ടറി റവ. എബി ടി. മാമൻ, ജില്ല പഞ്ചായത്തംഗം ജോൺ തോമസ്, ചേപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. തുളസി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 8.30-ന് തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന അർപ്പിക്കും.