ജല അതോറിറ്റി മലിനജലം വിതരണം ചെയ്യുന്നതായി പരാതി

മുതുകുളം : ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡിലും ചേർന്നുകിടക്കുന്ന കണ്ടല്ലൂർ പഞ്ചായത്തിന്റെ പ്രദേശങ്ങളിലും ജല അതോറിറ്റി വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി. കഴിഞ്ഞ കുറേ നാളുകളായി കലങ്ങിയ ചെങ്കല്ലുവെള്ളമാണ് ഇവിടങ്ങളിൽ ലഭിക്കുന്നത്.
പൈപ്പുജലത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികൾ ഇതുമൂലം കടുത്ത ദുരിതത്തിലായിരിക്കുകയാണ്. വെള്ളം തുണികഴുകാൻപോലും ഉപയോഗിക്കാൻ കൊള്ളില്ല. പലരും ഇപ്പോൾ ദൂരസ്ഥലങ്ങളിൽ പോയാണ് ശുദ്ധജലം ശേഖരിക്കുന്നത്. അതിനു കഴിയാത്തവർ ആശങ്കയോടെയാണെങ്കിലും ഈ വെള്ളംതന്നെ ഉപയോഗിക്കേണ്ട ഗതികേടിലാണ്.
പെരുവന പുതുവൽ പമ്പ് ഹൗസിൽനിന്നാണ് പ്രദേശത്ത് പ്രധാനമായും കുടിവെള്ളവിതരണം നടത്തുന്നത്. ഇതിന്റെ തകരാറാണ് ജലം മലിനമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ജല അതോറിറ്റി ഓഫീസിൽ പലതവണ നേരിട്ടെത്തി പരാതി അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നപരിഹാരം കാണണമെന്നും അതുവരെ സമീപപ്രദേശത്തെ പമ്പ്ഹൗസുകളിലെ പൈപ്പുമായി ബന്ധിപ്പിച്ച് താത്കാലിക പരിഹാരമുണ്ടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.