തീരദേശ റോഡിൽ പരന്നുകിടക്കുന്ന മണൽ യാത്രക്കാർക്കു ഭീഷണിയാകുന്നു

മുതുകുളം : തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിൽ പരന്നു കിടക്കുന്ന മണൽ യാത്രക്കാർക്കു കെണിയാകുന്നു. കടലേറ്റത്തിൽ റോഡിലേക്ക് അടിച്ചുകയറിയ മണലാണ് അപകടഭീഷണി ഉയർത്തുന്നത്.

ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിനു വടക്ക്, അഴീക്കോടൻ നഗർ, തറയിൽക്കടവ്, പെരുമ്പള്ളി, കള്ളിക്കാട്, എസി പള്ളി, കാർത്തിക ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മണൽ റോഡിൽ ശേഷിക്കുന്നുണ്ട്. ഇവിടങ്ങളിൽ മരണംവരെ സംഭവിച്ച വലുതും ചെറുതുമായ ഒട്ടേറെ അപകടങ്ങൾ മുൻപുണ്ടായിട്ടുണ്ട്.

കടലേറ്റം ശമിക്കുമ്പോൾ അടിഞ്ഞുകൂടിയ മണൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിന്റെ ഇരുവശങ്ങളിലേക്കും കൂനകൂട്ടി വെക്കാറാണുള്ളത്. യന്ത്രം ഉപയോഗിച്ച്‌ റോഡിൽ വീഴുന്ന മണൽ പൂർണമായും നീക്കുക പ്രയാസകരമാണ്. ചെറിയ തോതിൽ മണൽ റോഡിൽ അവശേഷിക്കും. ദിവസങ്ങൾ കഴിയുമ്പോൾ കൂട്ടിവെച്ച മണൽകൂടി റോഡിലേക്ക് ഇടിഞ്ഞിറങ്ങും. കൂടാതെ, കടൽത്തിരയും മഴയും മൂലം റോഡിലേക്കുതന്നെ ഒഴുകിയെത്തുകയും ചെയ്യും. ഇതോടെ വീണ്ടും മണൽ ഭീഷണിയായി മാറും.

കരിമണലാണ്‌ നിരന്നു കിടക്കുന്നത്. രാത്രിയിൽ ഇത് എളുപ്പം ശ്രദ്ധയിൽപ്പെടില്ല. അതിനാൽ രാത്രിയാത്ര ഏറെ അപകടകരമാണ്. സ്ഥിരയാത്രക്കാരല്ലാത്തവർ രാത്രിയിൽ റോഡിന്റെ അവസ്ഥയറിയാതെയും അപകടത്തിൽപ്പെടുന്നു. കൂടാതെ, റോഡിനു മതിയായ വീതിയുമില്ല. അതിനാൽ വലിയ വാഹനങ്ങളെ കയറ്റിവിടാനായി അരികുചേർക്കുമ്പോൾ മണ്ണിലേക്കു കയറി ഇരുചക്രവാഹനങ്ങൾ പാളിപ്പോകും. ഭാഗ്യംകൊണ്ടു മാത്രമാണ് യാത്രക്കാരിൽ പലരും വലിയ വാഹനങ്ങളുടെ അടിയിൽപ്പെടാതെ രക്ഷപ്പെടുന്നത്.

വലിയഴീക്കൽ പാലം യാഥാർഥ്യമായതോടെ തീരദേശ റോഡിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്.