കളക്ടറോട് പരാതിക്കെട്ടഴിച്ചു ജനം; കരഞ്ഞു കാലുപിടിച്ചിട്ടും ജീവിക്കാൻ അനുവദിക്കുന്നില്ല

തുറവൂർ : ‘പാടങ്ങൾ കവിഞ്ഞുകയറുന്ന വെള്ളം മുറ്റം മുക്കും. വീടുകളെല്ലാം ദ്രവിച്ചു നിലംപൊത്താറായി. കരഞ്ഞു കാലുപിടിച്ചിട്ടും ജീവിക്കാൻ അനുവദിക്കുന്നില്ല. പതിറ്റാണ്ടുകളായി തുടരുന്ന മുഴുവൻസമയ മത്സ്യക്കൃഷിക്ക് തടയിടണം’- തങ്ങളെ കാണാൻ നേരിട്ടെത്തിയ കളക്ടർ ഷാജി വി. നായരുടെ മുന്നിൽ നാട്ടുകാർ അവരുടെ പ്രയാസങ്ങൾ ഒന്നൊനായി നിരത്തി.
തുറവൂർ ഗ്രാമപ്പഞ്ചായത്തിലെ തുറവൂർക്കരി, തെക്കേപുത്തൻകാട് പാടശേഖരങ്ങളും വീടുകളും സന്ദർശിക്കാനാണ് ബുധനാഴ്ച രാവിലെ കളക്ടറെത്തിയത്. മുഴുവൻസമയ മത്സ്യക്കൃഷിക്കെതിരേ വർഷങ്ങളായി ജനങ്ങൾ സമരരംഗത്തുണ്ട്. എന്നാൽ, പ്രശ്നങ്ങൾക്കു പരിഹാരമില്ല. ചില പാടശേഖരങ്ങളുടെ സമീപത്തെ വീടുകളിലേക്ക് വെള്ളംകയറുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയെത്തുടർന്നാണ് കളക്ടറെത്തിയത്. സമരസമിതി പ്രതിനിധികളായ സി.വി. സാബു, യു.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്നങ്ങൾ അവതരിപ്പിച്ചത്.
പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു. കൃഷി, റവന്യൂ, ഫിഷറീസ്, തദ്ദേശസ്വയംഭരണ വകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കളക്ടർ ജനങ്ങളുമായി സംവദിച്ചത്. തുടർന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുഹാളിൽ ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതി പ്രതിനിധികളുടെയും യോഗം ചേർന്നു. പാടങ്ങളിൽ കയറ്റുന്ന വെള്ളം വീടുകളിലേക്ക് കവിഞ്ഞുകയറാത്ത തരത്തിൽ വെള്ളത്തിന്റെ നില നിയന്ത്രിക്കണമെന്നും അതിനായി പമ്പിങ് യഥാസമയം നടത്തണമെന്നും പാടശേഖരസമിതികൾക്ക് കളക്ടർ നിർദേശം നൽകി. ഇക്കാര്യം കൃഷി, ഫിഷറീസ്, പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചുറപ്പു വരുത്തണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.