പറയങ്കേരി-കുരീത്തറ റോഡരിക് ഇടിയുന്നു

കുറ്റിക്കാടുകൾ വളരുന്നതും ഭീഷണി
പള്ളിപ്പാട് : പള്ളിപ്പാട് പറയങ്കേരി-കുരീത്തറ റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് വലിയ കുഴികൾ രൂപപ്പെടുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വശങ്ങൾ ഇടിഞ്ഞുതാഴ്‌ന്നതിനൊപ്പം റോഡിലേക്ക് കുറ്റിക്കാടുകൾ വളർന്നിറങ്ങുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. സന്ധ്യകഴിഞ്ഞാൽ റോഡിലൂടെയുള്ള യാത്ര പ്രയാസത്തിലാണ്.
ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ പറയങ്കേരി പാലത്തിൽനിന്നു കുരീത്തറ വരെ എത്തുന്ന റോഡാണിത്. പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിൽപ്പെട്ട റോഡ് ഭൂരിഭാഗവും പാടശേഖരത്തിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്. പാലം മുതൽ 400 മീറ്ററോളം ഭാഗം 16 ലക്ഷം രൂപ വിനിയോഗിച്ച് അടുത്തിടെ ടാർ ചെയ്തിരുന്നു. വെള്ളപ്പൊക്കത്തിൽ റോഡ് ഇടിഞ്ഞുതുടങ്ങി. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കൂടുതൽ ഇടിയുകയാണ്. റോഡിന്റെ വശങ്ങളെല്ലാം പാടശേഖരത്തിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ വലിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഒരേസമയം ഇരുദിശകളിൽനിന്നും വാഹനങ്ങൾ വരുമ്പോൾ ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്. നിയന്ത്രണം വിട്ടാൽ പാടത്തേക്കു മറിയുന്ന അവസ്ഥയാണ്. വശങ്ങളിൽ കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർക്ക് ഒതുങ്ങിനിൽക്കാനും കഴിയില്ല.
ഇരുപത്തെട്ടിൽക്കടവ്, നാലുകെട്ടും കവല, കുരീത്തറ എന്നിവിടങ്ങളിലെ 500-ലധികം കുടുംബങ്ങളുടെ യാത്രാമാർഗമാണിത്. ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിലെ ഒരുവശം കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തിരുന്നു. ഈ കുഴികൾ ശരിയായി മൂടിയിട്ടില്ല. ഇതിനാൽ മഴപെയ്യുമ്പോൾ റോഡ് മുഴുവൻ ചെളിക്കുഴിയാകും. ഇതോടെ വാഹനങ്ങൾ തട്ടാരമ്പലം, വലിയപെരുമ്പുഴ, കോട്ടമുറി എന്നീ സ്ഥലങ്ങളിലേക്കു പോകുന്നതിനായി കുരീത്തറ റോഡാണ് ഉപയോഗിക്കുന്നത്.
മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽപ്പെടുത്തി നിർമിച്ചതാണ്. 2018-ലെ മഹാപ്രളയത്തിലാണ് റോഡ് തകർന്നുതുടങ്ങിയത്. പിന്നീടുള്ള വെള്ളപ്പൊക്കങ്ങളിലെല്ലാം റോഡ് കൂടുതൽ തകർന്നുതുടങ്ങി. തകർന്ന റോഡിലൂടെ രോഗികളെ കൊണ്ടുപോകാൻ വാഹനങ്ങൾ വിളിച്ചാൽപ്പോലും എത്തില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ വശങ്ങൾ സംരക്ഷണഭിത്തി കെട്ടുകയും റോഡ് ഉയർത്തി ടാർ ചെയ്യുകയും വേണം. ഇതിന് പഞ്ചായത്ത് ഫണ്ട് അപര്യാപ്തമാണ്. മറ്റു സർക്കാർ പദ്ധതികളിൽപ്പെടുത്തി പറയങ്കേരി-കുരീത്തറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.