നിറദീപങ്ങൾ സാക്ഷി; ഹരിപ്പാട്ട് തൃക്കാർത്തിക ആഘോഷം

ഹരിപ്പാട് : തെളിഞ്ഞുകത്തിയ ദീപനാളങ്ങളെ സാക്ഷിയാക്കി ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷം. ഹരിപ്പാട്ടെ ആദ്യ പ്രതിഷ്ഠാദിനത്തിന്റെ ഓർമ്മപുതുക്കുന്ന വൃശ്ചികത്തിലെ കാർത്തികദിനമായിരുന്ന ചൊവ്വാഴ്ച വൈകീട്ടത്തെ വെള്ളിമയിൽ വാഹനമെഴുന്നള്ളത്ത് കണ്ടുതൊഴാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിൽ ഒത്തുകൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് നടതുറന്നു. നിർമാല്യദർശനത്തിനു പിന്നാലെ മലർനിവേദ്യം, എതിരേറ്റുപൂജ, പന്തീരടിപൂജ എന്നിവയ്ക്കുശേഷം രാവിലെ ആനപ്പുറത്ത് ശ്രീബലി എഴുന്നള്ളത്ത് നടന്നു. തുടർന്ന്, ഉദയാസ്തമനപൂജ തുടങ്ങി. ഉച്ചപൂജയുടെ സ്നാനഘട്ടത്തിൽ കളഭാഭിഷേകവും. വൈകുന്നേരം അഞ്ചിന് നടതുറന്നപ്പോഴേക്കും ഭക്തജനത്തിരക്കായിരുന്നു.
സന്ധ്യയോടെ ദിവ്യരത്നങ്ങൾ പതിച്ച വലിയ വെള്ളി മയിൽവാഹനത്തിൽ കാഴ്ചശ്രീബലി എഴുന്നള്ളത്ത് തുടങ്ങി. സ്വർണകുംഭത്തിൽ കാണിക്കയർപ്പിച്ചാണ് ഭക്തർ എഴുന്നള്ളത്ത് കണ്ടുതൊഴുതത്. 79 വർഷം മുൻപ് നടയ്ക്കുവെച്ച മയിൽവാഹനത്തിലാണ് ഹരിപ്പാട്ടെ തൃക്കാർത്തിക എഴുന്നള്ളത്ത്. മൂന്നു പ്രദക്ഷിണത്തോടെയാണ് എഴുന്നള്ളത്ത് പൂർത്തിയായത്. ആദ്യ പ്രദക്ഷിണം ക്ഷേത്രത്തിന്റെ തെക്കേക്കോണിലെത്തിയപ്പോഴേക്കും ഹരിപ്പാട്ടെ എക്സൈസ് ഉദ്യോഗസ്ഥർ കർപ്പൂരാഴിയോടെയാണ് വരവേറ്റത്.
രാത്രി വിളക്കെഴുന്നള്ളത്തോടെയാണ് ചടങ്ങുകൾ പൂർത്തിയായത്. എട്ടുപ്രദക്ഷിണത്തോടെയാണ് വിളക്കെഴുന്നള്ളത്ത് പൂർണമായത്. നഗരത്തിലെ കടകളിലും വീടുകളിലുമെല്ലാം കാർത്തികദീപം കൊളുത്തി. പോലീസ് ഉദ്യോഗസ്ഥർ കച്ചേരി ജങ്ഷനിൽനിന്നു സ്റ്റേഷനിലേക്കുള്ള വഴിയിൽ ദീപക്കാഴ്ചയൊരുക്കി.