ലഭ്യത കുറഞ്ഞു; കക്കവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ

മുഹമ്മ : കക്കയുടെ ലഭ്യതയിൽ കുറവുണ്ടായതിനെത്തുടർന്ന് തൊഴിലാളികളായ 75,000-ഓളംപേരുടെ കുടുംബം പട്ടിണിയിലായി. ആലപ്പുഴ, കോട്ടയം ജില്ലകളിലായി 13 കക്ക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ചില സൊസൈറ്റികൾ വെള്ളക്കക്ക സൊസൈറ്റികളായിരുന്നു. എന്നാൽ, വെള്ളക്കക്ക കായലിൽ നാമാവശേഷമായതോടെ ഈ സൊസൈറ്റികൾ രജിസ്ട്രേഷൻ മാറ്റി കറുത്ത കക്ക സംഭരിക്കുന്ന സൊസൈറ്റികളായി. എന്നാൽ, കറുത്ത കക്കയും കുറയുന്നതോടെ ഈ സംഘങ്ങളും പൂട്ടേണ്ടിവരുന്ന സ്ഥിതിയാണ്. മുൻകാലങ്ങളിൽ 20-ൽ അധികം പാട്ട കക്ക വാരിക്കൊണ്ടിരുന്നവർക്ക് ഇപ്പോൾ മൂന്നും നാലും പാട്ട കക്കയേ ലഭിക്കുന്നുള്ളു.

ആലപ്പുഴയിൽ കയർരംഗം പ്രതിസന്ധിയിലായതോടെ ചെറുപ്പക്കാർ കക്ക വാരലിലേക്കു വന്നതിനു കാരണം കക്കയിറച്ചിക്കു കിലോയ്ക്ക് 150 രൂപയും കക്കത്തൊണ്ടിന് കിലോയ്ക്ക് 80 രൂപയും ലഭിക്കുമെന്നതു കൂടാതെ ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നുള്ളതുമായിരുന്നു. തോട്ടപ്പള്ളി സ്പിൽവേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും വരുന്ന ഓരുവെള്ളം കക്ക പ്രജനനത്തിന് ആവശ്യമാണ്. എന്നാൽ, ഓരുവെള്ളം കയറുന്നതു കുറഞ്ഞതും മല്ലിക്കക്ക വാരലും ലഭ്യത കുറയാൻ ഒരു കാരണമാണ്. കണ്ണങ്കര, കായിപ്പുറം ഭാഗങ്ങളിൽ ഈയിടെ നടത്തിയ ഡ്രെജ്ജിങ്‌ മല്ലിക്കക്ക നശിക്കാൻ കൂടുതൽ കാരണമായി. എന്നാൽ, തണ്ണീർമുക്കം ബണ്ടിനു വടക്കോട്ട് ഓരുവെള്ളമുള്ളതിനാൽ കക്ക ലഭ്യത ഈ ഭാഗങ്ങളിൽ കൂടുതലാണ്. അനധികൃതമായി നടക്കുന്ന ഡ്രെജ്ജിങ് മൂലം കക്കയ്ക്ക് വംശനാശം സംഭവിക്കുമെന്ന് കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.ജി. പദ്‌മകുമാർ മുന്നറിയിപ്പു നൽകിയതാണ്. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ഡ്രെജ്ജിങ് നടത്തിയത്.

കൂടാതെ, പ്രവർത്തന ഗ്രാന്റായി സർക്കാർ കൊടുത്തിരുന്ന തുക മൂന്നുവർഷമായി ലഭിക്കുന്നില്ല.

മുൻകാലങ്ങളിൽ ഈ തുക എല്ലാ സംഘങ്ങളും വള്ളം, എൻജിൻ, കക്കവാരൽ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഒരാൾക്ക് 35,000 രൂപ​വെച്ച് പലിശരഹിത വായ്പയായി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാർ ഒരാനുകൂല്യവും നൽകുന്നില്ലെന്ന് കേരള സംസ്ഥാന കക്ക വ്യവസായ സഹകരണ സംഘം ആക്‌ഷൻ കൗൺസിൽ കൺവീനർ സി.എൻ. രാധാകൃഷ്ണൻ പറഞ്ഞു.

കക്കലഭ്യതക്കുറവു മൂലം കക്ക നീറ്റുന്ന ചൂളകളും പ്രതിസന്ധിയിലാണ്. ആലപ്പുഴ ജില്ലയിൽ പത്തോളം ചൂളകൾ പ്രവർത്തിക്കുന്നുണ്ട്. നീറ്റിയെടുക്കുന്ന കക്ക കാർഷികാവശ്യത്തിനാണ് ഉപയോഗിച്ചുവരുന്നത്.