നാടിനെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ

ചാരുംമൂട് : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചാരുംമൂട് മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ശോഭായാത്രയോടെ ശ്രീകൃഷ്ണജയന്തി ആഘോഷം നടന്നു. ചാരുംമൂട് മണ്ഡലത്തിന്റെ മഹാശോഭായാത്ര തെക്കടത്ത് ദേവീക്ഷേത്രത്തിൽനിന്നു തുടങ്ങി. കടമ്പാട്ടു ജങ്ഷൻ, അരീക്കരേത്ത് ജങ്ഷൻ, അകത്തൂട്ട് ദേവീക്ഷേത്രം, നാലുമുക്ക് ചെറുകര ജങ്ഷൻ, കെ.ആർ. രാജൻ സ്മാരക റോഡ് എന്നിവിടങ്ങളിൽ ഉറിയടിയും ബാലികാനൃത്തവും നടന്നു. പത്തിശ്ശേരിൽ ക്ഷേത്രത്തിൽ ശോഭായാത്ര സമാപിച്ചു.
നൂറനാട് പടനിലം പാലമേൽ ശ്രീഭദ്രാ ബാലഗോകുലം, നെട്ടുകുളഞ്ഞിമുറി ദ്വാരക ബാലഗോകുലം, പഴഞ്ഞിയൂർക്കോണം വിവേകാനന്ദ ബാലഗോകുലം എന്നിവയുടെ ശോഭായാത്രകൾ നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രഭൂമിയിൽ സംഗമിച്ചു. ഇടപ്പോൺ ജങ്ഷനിലും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷം നടത്തി.
കുടശ്ശനാട് കടയ്ക്കമൂത്തേടത്ത് ക്ഷേത്രത്തിൽനിന്നാരംഭിച്ച ശോഭായാത്ര കുടശ്ശനാട് ജങ്ഷൻ ശ്രീഭദ്രാ ഭഗവതീക്ഷേത്രം വഴി അണികുന്നം മഹാദേവർ ക്ഷേത്രത്തിനു മുന്നിൽ സമാപിച്ചു. തുടർന്ന്, ഉറിയടിയും കലാപരിപാടികളും നടന്നു.
കരിമുളയ്ക്കൽ ഓണേത്ത് മൈതാനിയിൽനിന്നാരംഭിച്ച ശോഭായാത്ര ജങ്ഷനിലെത്തി കെ.പി. റോഡുവഴി തുരുത്തിയിൽ ക്ഷേത്ര മൈതാനിയിൽ സമാപിച്ചു.
ചുനക്കര മണ്ഡലം ബാലഗോകുലത്തിന്റെ ശോഭായാത്ര ചുനക്കര പഞ്ചായത്ത് ജങ്ഷനിൽനിന്നാരംഭിച്ച് തിരുവൈരൂർ മഹാദേവക്ഷേത്രസന്നിധിയിൽ സമാപിച്ചു. ഇടക്കുന്നം ബാലഗോകുലത്തിന്റെ ശോഭായാത്ര കല്ലുമുറ്റത്ത് ആൽത്തറയിൽനിന്നു തുടങ്ങി പറയംകുളം വഴി ചാരുംമൂട്ടിൽ സമാപിച്ചു.
ബാലഗോഗുലം താമരക്കുളം മണ്ഡലത്തിന്റെ നേതൃത്വത്തിലും താമരക്കുളം ചെറ്റാരിക്കൽ ദേവീക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും വിവിധ ഹൈന്ദവ സംഘടനകൾ പങ്കെടുത്ത ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടന്നു.
വള്ളികുന്നം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വള്ളികുന്നം, ഭരണിക്കാവ് മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ ശോഭായാത്രകൾ നടന്നു. ശ്രീകൃഷ്ണന്റെയും കുചേലന്റെയും വേഷധാരികളായ ഒട്ടേറെ കുട്ടികൾ ശോഭായാത്രയിൽ അണിനിരന്നു. ഫ്ലോട്ടുകൾ, നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ ശോഭായാത്രകൾക്കു വർണപ്പകിട്ടേകി. ശോഭായാത്ര കടന്നുപോയ വിവിധ കേന്ദ്രങ്ങളിൽ ഉണ്ണിയപ്പം, അവിൽപ്പൊതി, പാൽപ്പായസം വിതരണം, ഉറിയടി, നൃത്തനൃത്യങ്ങൾ എന്നിവ നടന്നു. വള്ളികുന്നം മണ്ഡലത്തിൽ പള്ളിമുക്കിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര കടുവിനാൽ സരസ്വതിമഠം ഗിരീഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാജേന്ദ്രനാഥ്, രാകേഷ് കൃഷ്ണൻ, ജി. ശ്യാംകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കുന്നത്തുമുക്ക്, ഈരിക്കത്തറ ജങ്ഷൻ, ഇലവിൻമൂട് വഴി ശോഭായാത്ര പടയണിവെട്ടം ദേവീക്ഷേത്രത്തിൽ സമാപിച്ചു. ആഞ്ഞിലിവിളയിൽ ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്‌മെന്റ് ചാരുംമൂട് യൂണിയൻ ചെയർമാൻ വിഷ്ണു ചാരുംമൂട് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ, രമേശൻ എന്നിവർ നേതൃത്വം നൽകി. പുത്തൻചന്ത, കല്ലൂരേത്ത് ജങ്ഷൻ വഴി പടയണിവെട്ടം ദേവീക്ഷേത്രത്തിൽ സമാപിച്ചു.
ഭരണിക്കാവ് മണ്ഡലത്തിലെ കറ്റാനം ശ്രീഭദ്ര, കറ്റാനം തെക്ക് ശ്രീധർമശാസ്താ, കറ്റാനം ശിവജി നഗർ, പോങ്ങുംകുറ്റി ശ്രീദുർഗ, ഭരണിക്കാവ് അമ്പാടി, കളീയ്ക്കൽ വൃന്ദാവനം, എന്നീ ബാലഗോകുലങ്ങളിൽനിന്നുള്ള ശോഭായാത്രകൾ കറ്റാനം ജങ്ഷനിലെത്തി അവിടെനിന്ന് മഹാശോഭായാത്രയായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. തെക്കേ മങ്കുഴി വൃന്ദാവനം, അമ്പാടി, പള്ളിക്കൽ തെക്ക് നന്ദനം, മഞ്ഞാടിത്തറ കൃഷ്ണഗാഥ, കട്ടച്ചിറ ശ്രീകൃഷ്ണ, കട്ടച്ചിറ തെക്ക് ശ്രീരാമദാസ എന്നീ ബാലഗോകുലങ്ങളിൽനിന്നുള്ള ശോഭായാത്രകൾ മൂന്നാംകുറ്റി ജങ്ഷനിലെത്തി മഹാശോഭായാത്രയായി കരിമുട്ടം ദേവീക്ഷേത്രത്തിൽ സമാപിച്ചു. വെട്ടിക്കോട് ഐക്കര ശ്രീഭദ്രാ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഐക്കര ഭദ്രാദേവീക്ഷേത്രത്തിൽനിന്നാരംഭിച്ച ശോഭായാത്ര പള്ളിപ്പുറം ഭദ്രകാളീക്ഷേത്രത്തിൽ സമാപിച്ചു. പള്ളിക്കൽ വടക്ക് നന്ദാവനം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഓണിയപ്പുറം ക്ഷേത്രത്തിൽനിന്നാരംഭിച്ച ശോഭായാത്ര ഓലകെട്ടി, വളഞ്ഞനടയ്ക്കാവ് വഴി ചെറുവള്ളിൽ ക്ഷേത്രത്തിൽ സമാപിച്ചു.
മാവേലിക്കര : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി നാടെങ്ങും ശോഭായാത്രകൾ നടന്നു. ഉണ്ണിക്കണ്ണന്മാരുടെ ബാലലീലകളും ഗോപികമാരും മറ്റു പുരാണവേഷങ്ങളും നിശ്ചലദൃശ്യങ്ങളും നിറഞ്ഞ ശോഭായാത്രകൾ നഗരവീഥികളെ വർണച്ചാർത്തണിയിച്ചു.
മാവേലിക്കര നഗരത്തിൽ പുതിയകാവ്, കൊറ്റാർകാവ്, പ്രായിക്കര, പൊന്നാരംതോട്ടം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ പുതിയകാവ് ദേവീക്ഷേത്രത്തിനു മുന്നിലും കണ്ടിയൂർ, മറ്റം വടക്ക്, മറ്റം തെക്ക്, കൊച്ചിക്കൽ, കോട്ടയ്ക്കകം ശോഭായാത്രകൾ തട്ടാരമ്പലം ജങ്ഷനിലും സംഗമിച്ചു. തുടർന്നു രണ്ടു ശോഭായാത്രകളായി വൈകീട്ട് ആറിനു മിച്ചൽ ജങ്ഷനിൽ എത്തി മഹാശോഭായാത്രയായി മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമാപിച്ചു.
തെക്കേക്കര മണ്ഡലത്തിൽ വടക്കേ മങ്കുഴി, ചെറുകുന്നം, ഉമ്പർനാട് ശോഭായാത്രകൾ തടത്തിലാൽ ജങ്ഷനിൽ സംഗമിച്ചു കച്ചേരിമുക്കിൽ എത്തി. മുള്ളിക്കുളങ്ങര, പല്ലാരിമംഗലം, അഞ്ചാഞ്ഞിലിമൂട് എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകളും കച്ചേരിമുക്ക് ജങ്ഷനിൽ എത്തിച്ചേർന്ന് മഹാശോഭയാത്രയായി പല്ലാരിമംഗലം ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമാപിച്ചു.
കുറത്തികാട് മണ്ഡലത്തിൽ ഓലകെട്ടി, വാത്തികുളം, പൊന്നേഴ, കുറത്തികാട്, വരേണിക്കൽ, ചൂരല്ലൂർ, പള്ളിയാവട്ടം, പള്ളിക്കൽ കിഴക്കുഭാഗങ്ങളിൽനിന്നുള്ള ശോഭയാത്രകൾ കുറത്തികാട് പരബ്രഹ്മക്ഷേത്ര ജങ്ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി കുറത്തികാട് മാലിമേൽ ദേവീക്ഷേത്രത്തിൽ സമാപിച്ചു.
തഴക്കര മണ്ഡലത്തിൽ വഴുവാടി കിരാതൻകാവിൽനിന്നു തുടങ്ങിയ ശോഭായാത്ര പന്നയന്നാർകാവു ദേവീക്ഷേത്രം വഴി വഴുവാടി സുബ്രഹ്മണ്യ-ഭദ്രാദേവി ക്ഷേത്രത്തിൽ സമാപിച്ചു. തഴക്കര ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്നു തുടങ്ങിയ ശോഭായാത്ര തഴക്കര മൊട്ടയ്ക്കൽ ശ്രീഭദ്രാ ദേവീക്ഷേത്രത്തിൽ സമാപിച്ചു. കുന്നം ധർമശാസ്താ ക്ഷേത്രത്തിൽനിന്നു തുടങ്ങിയ ശോഭായാത്ര പൈനുംമൂടു ജങ്ഷനിൽ എത്തി ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.
അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിൽനിന്നും കോതാറ ആൽത്തറയിൽനിന്നും തുടങ്ങിയ ശോഭായാത്രകൾ അറനൂറ്റിമംഗലം സ്‌കൂൾ ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി തറമേൽക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. ആക്കനാട്ടുകര മഹാദേവക്ഷേത്രത്തിൽനിന്നു തുടങ്ങിയ ശോഭായാത്ര മുകുന്ദപുരം ആൽത്തറ മുക്കുവഴി ആക്കനാട്ടുകര പടിഞ്ഞാറ് ദേവീക്ഷേത്രത്തിൽ സമാപിച്ചു.
വെട്ടിയാർ മണ്ഡലത്തിൽ വെട്ടിയാർ, ഇരട്ടപ്പള്ളിക്കൂടം, രാമനല്ലൂർ, തെക്കേക്കര, പടിപ്പുര, മാങ്കാംകുഴി, കല്ലിമേൽ എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ വെട്ടിയാർ രാമനല്ലൂർ മഹാവിഷ്ണുക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു.
മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ
മാവേലിക്കര : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ അഷ്ടമിരോഹിണിനാളിൽ സർവാഭരണ വിഭൂഷിതനായ ഭഗവാനെ ദർശിക്കാൻ ഭക്തരുടെ വൻ തിരക്ക്. ഏറെനേരം വരിനിന്നാണ് വെള്ളിയാഴ്ച ഭക്തർക്കു ക്ഷേത്രദർശനം നടത്താനായത്. വർഷത്തിലൊരിക്കൽ അഷ്ടമിരോഹിണിനാളിലാണ് തിരുവാഭരണം ചാർത്തിയുള്ള ഭഗവാന്റെ ദർശനം സാധ്യമാകുന്നത്.
രാവിലെ പത്തരയോടെ ഊട്ടുപുരയിൽ തുടങ്ങിയ അഷ്ടമിരോഹിണി പിറന്നാൾസദ്യ ഉച്ചകഴിയുംവരെ നീണ്ടു. വൈകീട്ടു നടന്ന ഗരുഡവാഹനത്തിലേറിയുള്ള ഭഗവാന്റെ എഴുന്നള്ളത്ത് ദർശിക്കാനും വൻ തിരക്കുണ്ടായി. രാത്രി എട്ടോടെ മൂന്നു നടകളിൽനിന്നുള്ള ഉറിയടി ഘോഷയാത്ര തുടങ്ങി. കിഴക്കേ നടയിലെ ഘോഷയാത്ര കൊറ്റാർകാവു ദേവീക്ഷേത്രത്തിൽനിന്നും പടിഞ്ഞാറേനടയിലെ ഘോഷയാത്ര പടിഞ്ഞാറേനട മഹാഗണപതി ക്ഷേത്രത്തിൽനിന്നും തെക്കേനടയിലെ ഘോഷയാത്ര പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിൽനിന്നുമാണ് തുടങ്ങിയത്.