ജനവാസ കേന്ദ്രത്തിനു സമീപമുള്ള തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കി

പൂച്ചാക്കൽ : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽപ്പോലും കക്കൂസ് മാലിന്യം തള്ളുന്നു. ഏറ്റവുമൊടുവിൽ കക്കൂസ് മാലിന്യം തള്ളിയത് പാണാവള്ളി പഞ്ചായത്ത് പതിനാലാം വാർഡ് ശ്രീകണ്‌ഠേശ്വരം - അറയ്ക്കൽ തോട്ടിലാണ് .മാലിന്യം തോട്ടിൽ തിങ്ങിനിറഞ്ഞുകിടക്കുകയാണ്. ദുർഗന്ധംമൂലം പരിസരവാസികൾക്ക് ജീവിക്കാൻവയ്യാത്ത അവസ്ഥയാണ്.

റോഡരികുകളിലുള്ള തോടുകളിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവുകാര്യമായി മാറിയിട്ടുണ്ട്. രാത്രിയുടെ മറവിലും പകൽപോലും വാഹനങ്ങളിൽ കൊണ്ടുവന്ന് മോട്ടോർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മാലിന്യം ഒഴുക്കുകയാണു ചെയ്യുന്നത്. പോലീസ് സംവിധാനത്തെ നിരീക്ഷിച്ചുകൊണ്ടാണ് മാലിന്യം തള്ളുന്നത്. ഇത്തരത്തിൽ മാലിന്യം തള്ളുന്ന ഒരു വാഹനംപോലും പോലീസിനു പിടികൂടാൻ കഴിയുന്നില്ല. കക്കൂസ് മാലിന്യം തള്ളിയതു സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. പൊതുവായുള്ള സി.സി.ടി.വി. ക്യാമറകൾ പൂച്ചാക്കൽ മേഖലയിൽ വിരളമായേയൂള്ളൂയെന്നത്‌ കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു.

വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ചാണ് ശ്രീകണ്ഠേശ്വരം-അറയ്ക്കൽ തോടുൾപ്പെടെയുള്ള തോടുകൾ സ്ഥിതി ചെയ്യുന്നത്. തോടിന്റെ ഇരുവശങ്ങളിലും നിരവധി കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. കയർ, കക്ക, മ ത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടങ്ങളിൽ ഏറെയും വസിക്കുന്നത്. അസഹനീയമായ ദുർഗന്ധത്താൽ വീർപ്പുമുട്ടിയാണ് നാട്ടുകാർ ഉണരുന്നത്. ഇതുമൂലം ഭക്ഷണം പാചകംചെയ്യാനും കഴിക്കാനും പ്രയാസമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

വീടിനകത്തു കഴിഞ്ഞുകൂടാനും ബുദ്ധിമുട്ട് നേരിടുകയാണ്. കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് തോട്ടിലിറങ്ങാനും കായലിലിറങ്ങാനും കഴിയാത്ത അവസ്ഥയാണ്. മാലിന്യം കലർന്ന ജലത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ പടർന്നുപിടിക്കുന്നതായി വ്യാപക പരാതികളുണ്ട്. അടിയന്തരമായി അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിനെതിരേയും നാട്ടുകാർക്കു പ്രതിഷേധമുണ്ട്.