കീച്ചേരിക്കടവ് പാലംപണി അന്തിമഘട്ടത്തിൽ

ചെട്ടികുളങ്ങര : അച്ചൻകോവിലാറിനു കുറുകേ ചെട്ടികുളങ്ങര-ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കീച്ചേരിക്കടവിൽ പണിയുന്ന പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. പാലത്തിന്റെ കോൺക്രീറ്റ് പണികളും പാർശ്വഭിത്തി നിർമാണവും പൂർത്തിയായി.
കൈവരി ഉറപ്പിക്കലും അനുബന്ധറോഡുകളുടെ നിർമാണവും മാത്രമാണ് ബാക്കിയുള്ളത്. വടക്കുഭാഗത്ത് 150 മീറ്ററും തെക്ക് 50 മീറ്ററുമാണ് അനുബന്ധറോഡ് നിർമിക്കുന്നത്. 120 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണച്ചെലവ് ഭൂമിവിലയുൾെപ്പടെ 16.5 കോടി രൂപയാണ്. 2021-ൽ തുടങ്ങിയ പാലംപണി പല കാരണങ്ങളാൽ പലതവണ തടസ്സപ്പെട്ടിരുന്നു.
18 മാസം കൊണ്ട് പണി പൂർത്തീകരിക്കാനായിരുന്നു തുടക്കത്തിലെ ലക്ഷ്യം. എന്നാൽ, പലതവണ സമയം നീട്ടി നൽകേണ്ടിവന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ കോൺക്രീറ്റിങ്ങിനിടെ ഗർഡർ തകർന്നുവീണ് രണ്ടു തൊഴിലാളികൾ ആറ്റിൽവീണു മരിച്ചത് വലിയ വിവാദമായിരുന്നു.
അനുമതിയില്ലാതെ പഞ്ചായത്ത് റോഡ് പാലം പണിക്കായി ഏറ്റെടുത്തെന്ന പ്രശ്നവും വിവാദമായിരുന്നു. പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാതയുടെ വീതി വെട്ടിക്കുറച്ച് പുതിയ രൂപരേഖ തയ്യാറാക്കിയശേഷമാണ് പണി തുടർന്നത്.
കീച്ചേരിക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ നങ്ങ്യാർകുളങ്ങര, ഏവൂർ, കരിപ്പുഴ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് തട്ടാരമ്പലം ജങ്ഷനിലെത്താതെ കരിപ്പുഴയിൽനിന്നോ കടവൂർക്കുളം ജങ്ഷനിൽനിന്നോ കീച്ചേരിക്കടവിലെത്തി ചെന്നിത്തല വഴി മാന്നാർ, തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താം. കീച്ചേരിക്കടവ്-ആച്ചംവാതുക്കൽ റോഡിന്റെ നിർമാണംകൂടി പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടും.
1.4 കോടി രൂപാ മുടക്കി ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് റോഡുയർത്തി റീടാർ ചെയ്യുന്നത്.
കടവൂർക്കുളം-കീച്ചേരിക്കടവ് റോഡും നവീകരിക്കണം
പാലം പണി പൂർത്തിയായിക്കഴിഞ്ഞാലും കടവൂർക്കുളം-കീച്ചേരിക്കടവ് റോഡുകൂടി നവീകരിക്കാതെ വാഹന ഗതാഗതം സുഗമമാകില്ല. നാലുമുക്ക് പാലംമുതൽ വടക്കോട്ടുള്ള റോഡ് തകർന്നു കിടക്കുകയാണ്. ഈ റോഡ് പാലത്തിന്റെ അനുബന്ധ പാതയായി കണക്കാക്കി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഭൂമി വില നൽകിയില്ല
പാലം പണിക്കായി ആറുവർഷം മുൻപ് ഭൂമി വിട്ടുകൊടുത്തവർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. ആദ്യം സമ്മതപത്രം എഴുതി വാങ്ങിയാണ് പണി തുടങ്ങിയത്. പിന്നീട് അളന്നുതിരിച്ച് കല്ലിട്ടു. വിട്ടുകൊടുത്ത വസ്തുവിൽ മതിലും ഫലവൃക്ഷങ്ങളുമുണ്ടായിരുന്നു. നഷ്ടപരിഹാരം വൈകുന്നതിൽ സ്ഥലമുടമകൾക്ക് പ്രതിഷേധമുണ്ട്.