തകർന്ന പി.ഐ.പി. കനാലിന്റെ പുനർനിർമാണം തുടങ്ങി

മാങ്കാംകുഴി : തഴക്കര ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡിലൂടെ കടന്നുപോകുന്ന പി.ഐ.പി. കനാലിന്റെ തകർന്ന ഭാഗം പുനർനിർമാണം തുടങ്ങി. പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ ഇടതുകര മെയിൻ കനാലിന്റെ ഭാഗമായ കുറത്തികാട് ബ്രാഞ്ച് കനാലാണ് കഴിഞ്ഞ മാർച്ചിൽ തകർന്നത്. അന്ന് ഒട്ടേറെ വീടുകളിൽ വെള്ളംകയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായ തഴക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഈ മേഖലയിൽ പി.ഐ.പി. കനാലിലൂടെയുള്ള വെള്ളമാണ് കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.

കരിങ്കല്ലിൽ പണിതീർത്ത കനാലിന്റെ കാലപ്പഴക്കവും ഒരുവശം ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ളതും കനാൽ തകരാനുള്ള കാരണമായി കരുതുന്നു. കനാൽ പൊട്ടിത്തകർന്നതുകൊണ്ട് അറനൂറ്റിമംഗലം പാടശേഖരത്തിലെ നെൽക്കൃഷിക്ക് നാശംസംഭവിച്ചു. ആറടിപ്പൊക്കത്തിൽ വെള്ളം ഒഴുകിയിരുന്ന കനാലിന്റെ അറനൂറ്റിമംഗലം കരുവേലിൽ ഭാഗമാണ് പതിനാറുമീറ്റർ തകർന്നത്.

പി.ഐ.പി.യുടെ 2026-27 വർഷത്തെ ആക്‌ഷൻ ഫണ്ട് ഉപയോഗിച്ചാണ് കനാലിന്റെ പുനർനിർമാണം. തകർന്ന ഭാഗം പുനർനിർമിക്കുന്നതിനോടൊപ്പം 100 മീറ്റർ നീളത്തിൽ ഏകദേശം അഞ്ചുമീറ്റർ വീതിയിൽ സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് മേൽഭാഗം കരിങ്കല്ലു പാകി ബലപ്പെടുത്തുകയും ചെയ്യും. അടുത്ത വേനൽക്കാലത്തിനു മുൻപായി പണി പൂർത്തിയാക്കുന്നതിനുള്ള ശ്രമമാണ് പി.ഐ.പി. നടത്തുന്നത്.