മണ്ണാറശാല ആയില്യം: നാഗരാജാവിന്റെ തങ്കത്തിടമ്പുമായി വലിയമ്മ; പ്രാർഥനയോടെ ഭക്തർ

ഹരിപ്പാട് : മഞ്ഞൾപ്രസാദത്തിന്റെ ഗന്ധംനിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തങ്കത്തിടമ്പും നാഗഫണവുമായി എഴുന്നള്ളി. പുള്ളുവൻപാട്ടും ഭക്തരുടെ ശരണമന്ത്രങ്ങളും അകമ്പടിയായി. വൻമരങ്ങളും വള്ളിപ്പടർപ്പും നിറഞ്ഞ കാവിലെ ആയിരക്കണക്കിനു നാഗരൂപങ്ങളെ സാക്ഷിയാക്കിയായിരുന്നു ആയില്യം എഴുന്നള്ളത്ത്.
തുലാംമാസത്തിലെ ആയില്യംനാളായ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എഴുന്നള്ളത്തു തുടങ്ങിയത്. ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയുടെയും കാരണവന്മാരായ എം.കെ. കേശവൻ നമ്പൂതിരി നാഗചാമുണ്ഡിയുടെയും എം.ജി. ജയകുമാർ നാഗയക്ഷിയുടെയും തിടമ്പുകളുമായി അനുഗമിച്ചു. രാജചിഹ്നങ്ങളായ വെള്ളിക്കുട, ചാമരം, കൊടികൾ എന്നിവയും പഞ്ചവാദ്യം, നാഗസ്വരം, തകിൽ, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങളും അകമ്പടിയായി.
കിഴക്കേ നടയിലൂടെ പുറത്തേക്കിറങ്ങി തെക്കേനടയിലൂടെ ക്ഷേത്രംചുറ്റി വടക്കേനടയിൽ എഴുന്നള്ളത്തെത്തിയപ്പോഴേക്കും പുള്ളുവർസംഘം പാടി വരവേറ്റു. തുടർന്ന് എഴുന്നള്ളത്ത് വടക്കേനടയിലെ മണ്ണാറശാലക്കാവിലൂടെ ഇല്ലത്തേക്കു നീങ്ങി.
ഇല്ലത്തെ നിലവറത്തളത്തിൽ തയ്യാറാക്കിയ നാഗപദ്മക്കളങ്ങളിൽ എഴുന്നള്ളത്തു ബിംബങ്ങൾ സമർപ്പിച്ചാണ് വലിയമ്മ ആയില്യംപൂജ തുടങ്ങിയത്. നൂറുംപാലും, ഗുരുതി എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഒൻപതു മണിക്കൂറോളം ആയില്യംപൂജ നീണ്ടു. തുടർന്ന്, വലിയമ്മയുടെ അനുമതിവാങ്ങി കുടുംബക്കാരണവർ തട്ടിന്മേൽ നൂറുംപാലും നടത്തി. നിലവറയുടെ തെക്കേമുറ്റത്ത് കെട്ടിയുയർത്തിയ തട്ടിൽനിന്ന് ആകാശസർപ്പങ്ങളെ സങ്കല്പിച്ചാണ് ചടങ്ങു നടത്തിയത്.
മകംനാളായ ചൊവ്വാഴ്ച ശുദ്ധിക്രിയ നടത്തും. തുടർന്ന്, ഉച്ചയ്ക്കുശേഷം നടതുറക്കും. തിങ്കളാഴ്ച പുലർച്ചെ നാലിന് നടതുറന്നപ്പോഴേക്കും ഭക്തരുടെ വലിയനിരയാണു കാത്തുനിന്നിരുന്നത്. തെക്കേനടയിലെ താത്കാലിക നടപ്പന്തലുംകടന്ന് റോഡിലേക്ക് നിര നീണ്ടു. ആയില്യം എഴുന്നള്ളത്തിനുശേഷം ദർശനം തുടങ്ങിയപ്പോഴും വലിയതിരക്കായിരുന്നു.