ഭക്തിയുടെ പൊൻതിളക്കത്തിൽ ചക്കുളത്തമ്മയ്ക്കു പൊങ്കാല

ചക്കുളത്തുകാവ് : ദേവീശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തർ ചക്കുളത്തമ്മയ്ക്കു പൊങ്കാലയർപ്പിച്ചു. പതിനായിരങ്ങളാണ് ചൊവ്വാഴ്ച പൊങ്കാലപ്പുണ്യം നുകർന്നത്. ക്ഷേത്രത്തിലെ വിളിച്ചുചൊല്ലി പ്രാർഥനയ്‍ക്കുശേഷം പണ്ടാരയടുപ്പിലേക്ക് ദീപം പകർന്നതോടെ പൊങ്കാലച്ചടങ്ങുകൾ തുടങ്ങി.

ക്ഷേത്രപരിസരത്തുനിന്നു കിലോമീറ്ററുകളോളം ദൂരത്തിൽ പൊങ്കാലക്കലങ്ങൾ നീണ്ടു. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, തിരുവല്ല, മാവേലിക്കര, പൊടിയാടി, മാന്നാർ, ചെന്നിത്തല, ഹരിപ്പാട് തുടങ്ങിയ ഭാഗങ്ങളിലെ പ്രധാന വഴിയോരങ്ങളിലും ഇടറോഡുകളിലും ഭക്തർ പൊങ്കാലയിട്ടു. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നു ഭക്തരെത്തിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ നാലിന് നിർമാല്യദർശനത്തിനുശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ദേവിയെ പുറത്തേക്കെഴുന്നള്ളിച്ചു. തുടർന്ന്, ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്നു കൊടിവിളക്കിലേക്കു ദീപംപകർന്നു. ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാരപ്പൊങ്കാലയടുപ്പിലേക്ക്‌ അഗ്നിപകർന്നു. ശേഷം, ഭക്തരുടെ അടുപ്പുകളിലേക്കും അഗ്നിപകർന്നതോടെ ക്ഷേത്രവും പരിസരപ്രദേശങ്ങളും യാഗഭൂമിയായി.

ക്ഷേത്രം മേൽശാന്തി അശോകൻ നമ്പൂതിരി, ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികരായി. ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ചാണ് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചത്.

പൊങ്കാലയുടെ ഭാഗമായുള്ള ഭക്തജനസംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണവും റെജി ചെറിയാൻ എം.എൽ.എ. ആമുഖപ്രഭാഷണവും രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും രമേശ് ഇളമൺ നമ്പൂതിരി ആത്മീയപ്രഭാഷണവും നടത്തി.

വൈകീട്ട് പശ്ചിമബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തികസ്തംഭത്തിലേക്ക് അഗ്നിപകർന്നതോടെ പൊങ്കാലച്ചടങ്ങുകൾ അവസാനിച്ചു.