ഉന്നതതല യോഗം 18-ന്

ചാരുംമൂട് :കൊല്ലം-തേനി ദേശീയപാത(183)യിലെ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൂരം നാലുവരിപ്പാതയായി നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 18-ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. പൊതുമരാമത്തുവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ രാവിലെ 11-ന് സെക്രട്ടേറിയറ്റിലാണ് യോഗം. 19 സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. ദേശീയപാതയുടെ നിർമാണം ആരംഭിക്കുന്നതിനും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബദ്ധമായി പൂർത്തിയാക്കുന്നതിനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കണമെന്ന് എം.പി. ആവശ്യപ്പെട്ടിരുന്നു.
കൊല്ലം-ചെങ്ങന്നൂർ 54.37 കിലോമീറ്റർ ദൂരം 20 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് 1,663.15 കോടി രൂപയാണ് അനുവദിച്ചത്. ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാര നിർണയം, വിവിധ വകുപ്പുകളുടെ അനുമതികൾ, യൂട്ടിലിറ്റി സംവിധാനങ്ങളുടെ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവ ഏകോപിപ്പിച്ച് നിർമാണം തുടങ്ങണമെന്നായിരുന്നു എം.പി.യുടെ ആവശ്യം.
കേന്ദ്രസർക്കാർ 2026 ജൂൺ ഒൻപതിന് നൽകിയ അനുമതിയുടെ അടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്യും. ദേശീയപാത നിയമത്തിലെ മൂന്ന്-എ വിജ്ഞാപനം, മൂന്ന്-സി പ്രകാരമുള്ള എതിർപ്പുകൾ പരിഗണിക്കൽ, മൂന്ന്-ഡി പ്രഖ്യാപനം എന്നിവ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ ചർച്ച ചെയ്യും.
ഏറ്റെടുക്കേണ്ടത് 70.26 ഹെക്ടർ ഭൂമി
പദ്ധതിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഏകദേശം 70.26 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമിയേറ്റെടുക്കലിനും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാരത്തിനുമായി 653.59 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 259.40 കോടി രൂപ ഭൂമിയേറ്റെടുക്കലിനും 394.19 കോടി രൂപ കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കുമാണ്. 2,752 കെട്ടിടങ്ങളും മറ്റു നിർമിതികളും പൊളിച്ചുമാറ്റേണ്ടതുണ്ട്. സംസ്ഥാന ജി.എസ്.ടി. ഇനത്തിൽ 73.18 കോടി രൂപയും വൈദ്യുതി, കുടിവെള്ളം, ടെലിഫോൺ തുടങ്ങിയ യൂട്ടിലിറ്റി സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് 72.24 കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ നിലവിലുള്ള റെയിൽവേ മേൽപ്പാലം നിലനിർത്തിക്കൊണ്ട് 36 മീറ്റർ നീളമുള്ള പുതിയ റെയിൽവേ മേൽപ്പാലം നിർമിക്കും. ഇതിനുപുറമേ. മൂന്നു വലിയ പാലങ്ങളും ആറു ചെറിയ പാലങ്ങളും രണ്ടു വെഹിക്കുലർ അണ്ടർപ്പാസ്, ഓവർപ്പാസ് സംവിധാനങ്ങളും വരും. ഭരണിക്കാവിനു സമീപം ടോൾ പ്ലാസയുമൊരുക്കും. യാത്രക്കാർക്കായി 48 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, 24 ബസ് ബേകൾ, 88.81 കിലോമീറ്റർ നീളത്തിലുള്ള ഓടകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
കൊല്ലം-ചെങ്ങന്നൂർ യാത്രാദുരിതത്തിന് വലിയ പരിഹാരമാകുന്ന ദേശീയപാത വികസനം പ്രദേശത്തിന്റെ വ്യാപാര-വ്യവസായ-വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്കും നിർണായകമാകും.