അമ്പാടിയായി നാട്

ചെങ്ങന്നൂർ : കണ്ണിനും മനസ്സിനും കുളിർമയേകി ശ്രീകൃഷ്ണജയന്തിയാഘോഷം. നാടുംനഗരവും ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്രകളാൽ വർണാഭമായി. ഉണ്ണിക്കണ്ണന്റെയും രാധികയുടെയും വേഷമണിഞ്ഞ് ബാലികാബാലന്മാർ ശോഭായാത്രയുടെ ഭാഗമായി. ഉറിയടിയും പാട്ടും നൃത്തവും ആഘോഷത്തിന് മാറ്റുകൂട്ടി. ചെങ്ങന്നൂർ ഗോകുല ജില്ലയിൽ 350-ൽ അധികം കേന്ദ്രങ്ങളിൽ ശോഭായാത്രകളും 50-ൽ അധികം സ്ഥലങ്ങളിൽ മഹാശോഭായാത്രകളും നടന്നു. വിവിധ കേന്ദ്രങ്ങളിൽനിന്നു പുറപ്പെട്ട ശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് ക്ഷേത്രാങ്കണങ്ങളിൽ സമാപിച്ചത്.
ചെങ്ങന്നൂർ നഗരത്തിൽ മേപ്രം, കോടിയാട്ടുകര, ഉമയാറ്റുകര, മുണ്ടൻകാവ്, തിട്ടമേൽ, കിഴക്കേനട, അങ്ങാടിക്കൽ, അങ്ങാടിക്കൽ തെക്ക്, ശാസ്താംകുളങ്ങര, മംഗലം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ വണ്ടിമല ജങ്ഷനിൽ സംഗമിച്ച് നഗരം ചുറ്റി മഹാശോഭായാത്ര ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. തിരുവൻവണ്ടൂർ, മഴുക്കീർ, ഇരമല്ലിക്കര, നന്നാട്, വനവാതുക്കര, വനവാതുക്കര കിഴക്ക് എന്നിവിടങ്ങളിൽനിന്നാരംഭിക്കുന്ന ശോഭായാത്രകൾ തിരുവൻവണ്ടൂർ ജങ്ഷനിൽ സംഗമിച്ച് തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു സമാപനം. പാണ്ടനാട് അടിച്ചിക്കാവ്, തൃക്കണ്ണാപുരം, മുറിയായിക്കര, പ്രയാർ, മിത്രമഠം, മുതവഴി എന്നീ ബാലഗോകുലങ്ങളുടെ ശോഭായാത്ര വൈകീട്ട് നാലിന് മിത്രമഠം ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി മിത്രമഠം കുളങ്ങര തൃക്കൈയിൽ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമാപിച്ചു. വെണ്മണി മണ്ഡലത്തിൽ നാലു സംയുക്ത ശോഭായാത്രകളായിരുന്നു ഉണ്ടായിരുന്നത്.
മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷൻ, പിരളശ്ശേരി ഭദ്രാഭഗവതി ക്ഷേത്രം, പാറപ്പാട് ജങ്ഷൻ, കാരയ്ക്കാട് ധർമശാസ്താക്ഷേത്രം, കൊഴുവല്ലൂർ ദേവീക്ഷേത്രം, ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം, നല്ലവീട്ടിൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ശോഭായാത്രകൾ സമാപിച്ചു. മാന്നാർ മേമഠം ക്ഷേത്രം, താന്നിക്കൽ അന്നപൂർണേശ്വരീക്ഷേത്രം, കളരിക്കൽ സുബ്രഹ്മണ്യസ്വാമീക്ഷേത്രം, കാരാഴ്മ ദേവീക്ഷേത്രം, എണ്ണയ്ക്കാട് ശ്രീകൃഷ്ണസ്വാമീക്ഷേത്രം, കണ്ഠകാളൻകാവ് മഹാദേവക്ഷേത്രം, പെരിങ്ങലിപ്പുറം ഭുവനേശ്വരീക്ഷേത്രം, ഗ്രാമം ശ്രീകൃഷ്ണസ്വാമീക്ഷേത്രം, ബുധനൂർ കിഴക്കഞ്ചേരി മഹാവിഷ്ണുക്ഷേത്രം, കടമ്പൂർ ശക്തികുളങ്ങര ദേവീക്ഷേത്രം, പുലിയൂർ മഹാവിഷ്ണുക്ഷേത്രം, പേരിശ്ശേരി തൃക്കയിൽ ക്ഷേത്രം എന്നിവിടങ്ങളിലും മഹാശോഭായാത്രകൾ എത്തി.