എ.എസ്. കനാലിൽ പോള നിറഞ്ഞു, ഒഴുക്കുനിലച്ചു

ആലപ്പുഴ : വീണ്ടും പോളയും പായലും നിറഞ്ഞ് ഒഴുക്കുനിലച്ച് ആലപ്പുഴ –ചേർത്തല (എ.എസ്.) കനാൽ. പാലം നിർമാണസമയത്ത് ഇല്ലാതിരുന്ന പോളയാണ് വീണ്ടും നിറഞ്ഞത്. ഇതിനിടെ മാലിന്യനിക്ഷേപവും ഇവിടെ രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് കനാലിലേക്ക് മാലിന്യം വലിച്ചെറിയുന്നത്. അടുക്കള മാലിന്യവും കനാലിലേക്ക് നേരിട്ടു നിക്ഷേപിക്കുന്നവരുമുണ്ട്. കനാൽ വൃത്തിയാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. എ.എസ്. കനാൽ കൂടാതെ, വാടക്കനാൽ, വാണിജ്യ കനാൽ തുടങ്ങി നഗരത്തിലെ പ്രധാന തോടുകളിലുൾപ്പെടെ പോളശല്യം രൂക്ഷമാണ്. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.

പോളവാരി നീരൊഴുക്ക് സുഗമമാക്കണമെന്നും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കനാലുകളുടെ ആഴംകൂട്ടാനുള്ള നടപടിയും സ്വീകരിക്കണം. പോള മൂടിയതിനാൽ തോടുകളിൽ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്.