ദേശീയപാതയിൽ അപകടക്കെണിയായി കുഴികൾ, യാത്രക്കാർക്കു ദുരിതം

കായംകുളം : ദേശീയപാതയിൽ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഒ.എൻ.കെ. ജങ്‌ഷൻ മുതൽ ഓച്ചിറ വരെയുള്ള ഭാഗങ്ങളിലാണ് റോഡിൽ നിറയെ കുഴികളുള്ളത്. ചിലയിടങ്ങളിൽ കുഴികൾ കാരണം വാഹനങ്ങൾക്കു കടന്നുപോകാൻതന്നെ പ്രയാസമാണ്. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഒ.എൻ.കെ. ജങ്‌ഷൻ മുതൽ ജി.ഡി.എം. വരെയും, കൃഷ്ണപുരം ക്ഷേത്രഭാഗം മുതൽ മുക്കട കെ.ടി.ഡി.സി. വരെയും അജന്താ ജങ്‌ഷൻ മുതൽ ഓച്ചിറ ക്ഷേത്രഭാഗം വരെയും റോഡുതകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. പ്രധാനപാതയ്ക്കുപുറമേ, ഇടറോഡുകളിൽന്നു ദേശീയപാതയുടെ സർവീസ് റോഡുകളിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളും തകർന്നുകിടക്കുകയാണ്. റോഡിലെ കുഴികൾ കാരണം പൊടിശല്യവുമുണ്ട്.
തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രികാലത്ത് കുഴികൾ കാണാൻകഴിയില്ല. ഇതുകാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവാണ്. റോഡിലെ കുഴിയിൽവീണ് വാഹനങ്ങൾ തകരാറിലാകുന്നുമുണ്ട്. കുഴിയുള്ള ഭാഗത്ത് പെട്ടെന്നു വാഹനങ്ങൾ ബ്രേക്കുചെയ്യുന്നത് അപകടത്തിനു കാരണമാകുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്നു വ്യവസ്ഥയുണ്ടെന്നും മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് നിർമാണം നടക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.