ചുനക്കര-പുലിമേൽ ബണ്ടിൽ വെളിച്ചംപകരാൻ 15 ലക്ഷം രൂപ അനുവദിച്ചു

ചാരുംമൂട് : ചുനക്കര, നൂറനാട് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുനക്കര-പുലിമേൽ ബണ്ടിൽ ഇരുവശങ്ങളിലുമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചു. ബണ്ടിന്റെ ഇരുവശങ്ങളിലുമായി 30 ലൈറ്റുകൾ സ്ഥാപിക്കും. പദ്ധതിനിർവഹണത്തിനുള്ള നടപടിക്കായി ഭരണിക്കാവ്‌ ബ്ലോക്ക് പഞ്ചായത്തിനു പദ്ധതി കൈമാറി.

ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ബണ്ടു റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. റോഡുനവീകരണം പൂർത്തിയായതോടെ പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യവും ജലാശയത്തിന്റെ മനോഹാരിതയും പ്രയോജനപ്പെടുത്തി ചുനക്കര-പുലിമേൽ ബണ്ടിനെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളും ജനപ്രതിനിധികളും മുന്നോട്ടുവെച്ചിരുന്നു.

പ്രദേശത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് വൈകുന്നേരം ചുനക്കര-പുലിമേൽ ബണ്ടിലും പരിസരപ്രദേശങ്ങളിലും എത്തുന്നത്. ലൈറ്റുകൾകൂടി സ്ഥാപിക്കുന്നതോടെ പ്രദേശത്തിന്റെ പ്രാദേശിക ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിനു സഹായകമാകുമെന്ന് എം.പി. പറഞ്ഞു.