ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ചെട്ടികുളങ്ങര ദേവീക്ഷേത്രദർശനംനടത്തി

ചെട്ടികുളങ്ങര : അന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും പ്രശസ്ത സിനിമനടനും സംവിധായകനുമായ പവൻ കല്യാൺ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. വൈകീട്ട് അഞ്ചുമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശ്രീകോവിലിനു മുന്നിൽനിന്നു തൊഴുതു പ്രാർഥിച്ചു വഴിപാടുകൾ കഴിച്ചശേഷം ഉപദേവൻമാരെയും തൊഴുത് ആറുമണിയോടെ മടങ്ങി. മേൽശാന്തി എസ്. രമേശ് അദ്ദേഹത്തിനു പ്രസാദം നൽകി.

ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷനും ക്ഷേത്രജീവനക്കാരും ഉപഹാരം നൽകി. ക്ഷേത്രത്തിലെ ദേവതയുടെ പ്രത്യേകതകളും ഉത്സവാദി ആഘോഷങ്ങളും ചോദിച്ചറിയുകയും ചെയ്തു. തന്റെ ആത്മീയ ഗുരുവിന്റെ നിർദേശപ്രകാരമാണ് ഭദ്രകാളീ ക്ഷേത്രമായ ചെട്ടികുളങ്ങരയിൽ ദർശനം നടത്താനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ രണ്ടാഴ്ചയായി പവൻ കല്യാൺ ചികിത്സയിലായിരുന്നു. തൃശ്ശൂരിൽനിന്നാണ്‌ ചെട്ടികുളങ്ങരയ്ക്കു വന്നത്. മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്ണൻ, തഹസിൽദാർ (എൽ.എ.) ജി. ബിനു, ഡെപ്യൂട്ടി തഹസിൽദാർ സനൽ കുമാർ, ക്ഷേത്രം എ.ഒ പി. ആർ. മീര, ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡൻറ് ബി. ഹരികൃഷ്ണൻ, വൈസ് പ്രസിഡൻറ് വി. അനിൽ കുമാർ, സെക്രട്ടറി എം. മനോജ് കുമാർ, ട്രഷറർ പി. രാജേഷ്, എക്സിക്യുട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.