തുറവൂർ -അരൂർ ഉയരപ്പാത നീളംകൂട്ടൽ അതിവേഗം... അനുബന്ധ റോഡുപണി

തുറവൂർ : തുറവൂർ -അരൂർ ഉയരപ്പാത നീളംകൂട്ടുന്ന ഭാഗത്ത് അനുബന്ധ റോഡുപണിയുൾപ്പടെയുള്ള ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. 280 മീറ്റർ നീളത്തിലാന്ന് അനുബന്ധ റോഡുപണിയുന്നത്. വശങ്ങൾ പ്രത്യേക സിമൻറുകട്ടകൾ ഉപയോഗിച്ചു കെട്ടിയശേഷം നടുഭാഗം വേമ്പനാട്ടുകായലിൽനിന്നെത്തിച്ച മണൽ നിറച്ചു. അതിനു മുകളിലാണ് കോൺക്രീറ്റും ടാറും ഉപയോഗിച്ച് റോഡു പണിയുന്നത്. 12.75 കിലോമീറ്റർ നീളത്തിൽ

ഉയരപ്പാത അരൂരിൽനിന്നു തുറവൂരിലെത്തി നിൽക്കുകയാണ്. രൂപരേഖയിൽ വരുത്തിയ മാറ്റത്തിന്റെയടിസ്ഥാനത്തിലാണ് തുറവൂരിൽനിന്നു തെക്കോട്ട് പാത നീളംകൂട്ടുന്നത്. കവലയിൽനിന്നു തെക്കോട്ട് ആലയ്ക്കാപ്പറമ്പുവരെ 210 മീറ്റർ കൂടി പാത തൂണിൽ തെക്കോട്ടുപണിയും. അവിടെനിന്നാണ് അനുബന്ധ റോഡുപണിയുന്നത്. തൂണുകളുടെ നിർമാണവും നടക്കുന്നുണ്ട്. ഇവിടെ നിർമാണം പൂർത്തിയാകുന്നതോടെ പാതയുടെ നീളം 13.24 കിലോമീറ്ററായി ഉയരും.

തുറവൂർ കവലയിൽ എത്തിനിൽക്കുന്ന പാതയിൽനിന്നു തെക്കോട്ട് 30 മീറ്റർ അനുബന്ധ റോഡുപണിയുകയായിരുന്നു ആദ്യ രൂപരേഖ. എന്നാൽ, ഈ നിർമാണം തുറവൂർ മഹാക്ഷേത്രത്തിന്റെ പ്രസക്തി നഷ്‌ടമാകുമെന്നത് ഭക്തരിൽ ആശങ്കയുണ്ടാക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി 2024 ജൂൺ 20-ന് തുറവൂർ ശ്രീഭവനിൽ പി.എസ്. ശ്രീകുമാർ പ്രധാനമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തു.

പിന്നീടാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും വിവിധ രാഷ്ട്രീയ പാർട്ടികളും വിഷയമേറ്റെടുത്ത് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയും രൂപരേഖയിൽ മാറ്റമുണ്ടാകുകയുംചെയ്തത്.