എന്നിട്ടും ചേർത്തല ആശുപത്രിയോട് എന്തിനീ അവഗണന

മാസം ശരാശരി 2,600 ശസ്ത്രക്രിയകൾ, ദിവസേന 1300-1500 പേർ

ചേർത്തല : പ്രതിമാസം ശരാശരി 2,600 (100 മേജർ, 2,500 മൈനർ) ശസ്ത്രക്രിയകൾ. ജില്ലയിൽ മെഡിക്കൽ കോളേജ്‌ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ. ദിവസേന ശരാശരി 1300-1500 പേർ ഒ.പി.യിൽ. 100 പേർക്കു കിടത്തിച്ചികിത്സ. ഇത്രയുമൊക്കെയായിട്ടും താലൂക്ക്‌ ആശുപത്രിക്ക് അവഗണന തന്നെ. 80 കോടി മുടക്കി ആധുനികമന്ദിരം പൂർത്തിയാക്കിയെങ്കിലും അതിലേക്കു കടക്കാൻ സർക്കാർ കനിയണം.

മുട്ടു മാറ്റിവെക്കൽ, ഇടുപ്പെല്ലു മാറ്റിവെക്കൽ, മൂത്രക്കല്ലു നീക്കൽ, പ്ലാസ്റ്റിക് സർജറി തുടങ്ങിയ സങ്കീർണ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അതിനാൽ മറ്റു ജില്ലകളിൽനിന്നും രോഗികളെത്തുന്നു. ഇത്രയുമൊക്കെയായിട്ടും ഒരു പരിഗണനയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

പരാതികളൊഴിയാതെ അത്യാഹിതവിഭാഗം

അത്യാഹിത വിഭാഗമാണ് പരാതികളുടെ കേന്ദ്രം. ദിവസേന മുന്നൂറോളം അത്യാഹിത ഒ.പി.യും 20 ട്രോമ കേസുകളുമാണ് ഇവിടെ എത്തുന്നത്. പലഘട്ടത്തിലും നിർണായക ഇടപെടലുകൾ ഉണ്ടാകാറുണ്ടെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും സംവിധാനങ്ങളുടെയും കുറവുമൂലം പ്രഥമശുശ്രൂഷ മാത്രമാണു നടത്തുന്നത്. അടിയന്തര ചികിത്സവേണ്ടവരെ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലേക്കു വിടും. ഒഴിവുകൾ നികത്തി സംവിധാനങ്ങളൊരുക്കിയാൽ ഇവിടെത്തന്നെ ഇതിൽ ഏറിയപങ്കും പരിഹരിക്കാം.

പ്രവർത്തനങ്ങൾക്കുവെല്ലുവിളി

ചുരുങ്ങിയ സംവിധാനത്തിൽ പോകുന്ന ആശുപത്രിക്കു വെല്ലുവിളിയാകുന്നതാണ് ഇവിടത്തെ മെഡിക്കൽ സംഘത്തെ മറ്റു മെഡിക്കൽ ജോലികൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു നിയോഗിക്കുന്നത്. ഇത് എല്ലാ പ്രവർത്തനങ്ങളെയും താറുമാറാക്കുന്നുണ്ട്. നിലവിൽ ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമാണുള്ളത്. മൂന്നെണ്ണം കട്ടപ്പുറത്താണ്.

പുതിയ മന്ദിരത്തിലേക്ക് ഇനിയും വേണ്ടത്

11 ഡോക്ടർമാർ അടക്കം 43 തസ്തികകൾ ആവശ്യമാണ്. എൻഎച്ച്.എം. വഴി നിയമിച്ച താത്കാലിക ജീവനക്കാരുടെ ഒഴിവുകളും നികത്തുന്നില്ല. ഇലക്‌ട്രിക്കൽ ക്രമീകരണങ്ങൾ സോളാർ കണക്‌ഷനുമായതടക്കം പൂർത്തിയാക്കണം.അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി.യും കെ.എം.എസ്.സി.എൽ. വഴി എത്തേണ്ട ഉപകരണങ്ങൾ ഭൂരിഭാഗവും എത്തിയിട്ടില്ല. ശസ്ത്രക്രിയാ മുറികളുടെ ഹെഡ്‌ലൈറ്റ് ജോലികൾ, മാലിന്യസംസ്‌കരണ പ്ലാന്റ് എന്നിവ ആവശ്യമാണ്.