കാത്തിരിപ്പ് അവസാനിക്കുന്നു

കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണം ഡിസംബർ ആദ്യം തുടങ്ങും
മാവേലിക്കര : സംസ്ഥാന സർക്കാരും റെയിൽവേയും പദ്ധതിച്ചെലവ് തുല്യമായി പങ്കിട്ട് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ഡിസംബർ ആദ്യം തുടങ്ങും. രണ്ടുവർഷംകൊണ്ട് പൂർത്തീകരിച്ച് 2029 ജനുവരിയിൽ മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. മേൽപ്പാല നിർമാണത്തിനു മുന്നോടിയായുള്ള മണ്ണുപരിശോധന പൂർത്തീകരിച്ചിരുന്നു. ടെസ്റ്റ് പൈലിങ് തിങ്കളാഴ്ച തുടങ്ങും. മൂന്നുദിവസംകൊണ്ട് ഇതു പൂർത്തീകരിക്കും. ഇതിനുശേഷം പദ്ധതി ഡിസൈനിങ്ങിനു മുന്നോടിയായുള്ള ലോഡ് ടെസ്റ്റ് നടക്കും. ഇതിനു നാലാഴ്ച സമയമെടുക്കും. അന്തിമ ഡിസൈൻ തയ്യാറായശേഷം മേൽപ്പാലം നിർമാണത്തിലേക്കു കടക്കും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്മെന്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ.)മാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
റെയിൽവേ പദ്ധതികളിൽ മുൻകൂട്ടി പണം നിക്ഷേപിക്കേണ്ടതിനാൽ അതൊഴിവാക്കി സംസ്ഥാന സർക്കാർ കിഫ്ബി വഴി പദ്ധതിക്കായി പണം നീക്കിവെക്കുകയും നിർമാണം പൂർത്തിയായശേഷം ചെലവായ തുകയുടെ അൻപതു ശതമാനം റെയിൽവേ തിരികെ നൽകുകയുംചെയ്യുന്ന തരത്തിലാണ് പദ്ധതി. മേൽപ്പാലത്തിന്റെ റെയിൽവേയുടെ ഭാഗത്തെ നിർമാണം, സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിലെ നിർമാണം എന്നിവ ഒറ്റപദ്ധതിയായി ഒറ്റ ടെൻഡറിൽത്തന്നെ പൂർത്തിയാക്കാൻ റെയിൽവേ നേരത്തേ അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മേൽപ്പാലത്തിന്റെയും അനുബന്ധപാതയുടെയും നിർമാണം ഒരുമിച്ച് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്മെന്റ് കോർപ്പറേഷൻ ടെൻഡർ ചെയ്തത്. റെയിൽവേയുടെ ഭാഗത്തുള്ള മേൽപ്പാലത്തിന്റെ നിർമാണവും മേൽനോട്ടവും പൂർണമായും റെയിൽവേ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും.
കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണത്തിന് 2021-ലെ സംസ്ഥാന ബജറ്റിലാണ് കിഫ്ബിയിലുൾപ്പെടുത്തി 38.22 കോടി രൂപ അനുവദിച്ചത്. ആർ.ബി.ഡി.സി.കെ. നിർമാണച്ചുമതല ഏറ്റെടുക്കുകയും സമയബദ്ധമായി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. പുതുക്കിയ അടങ്കൽപ്രകാരം മേൽപ്പാലം നിർമാണത്തിന് പത്തുകോടി രൂപ അധികമായി വേണ്ടിവന്നു. എം.എസ്. അരുൺകുമാർ എം.എൽ.എ. കിഫ്ബി അധികൃതരുമായി ചർച്ചനടത്തിയതിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ കിഫ്ബി അധിക തുകയുൾപ്പെടെ 48.33 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 10.69 കോടി രൂപ പദ്ധതിക്കായി ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരമായി മാത്രം നൽകി.
മേൽപ്പാലത്തിന്റെ നീളം 500 മീറ്റർ
നിർദിഷ്ട കല്ലുമല മേൽപ്പാലത്തിന്റെ ആകെ നീളം 500.64 മീറ്ററും വീതി 10.2 മീറ്ററുമാണ്. റെയിൽവേ സ്പാനിന്റെ നീളം 79.28 മീറ്റർ. കാര്യേജ് വേ 7.5 മീറ്ററും ഒരുവശത്തുള്ള നടപ്പാതയുടെ വീതി 1.5 മീറ്ററുമാണ്. ഇരുവശവും അഞ്ചു മീറ്റർ വീതം വീതിയിൽ സർവീസ് റോഡുകളുണ്ടാകും. പാലത്തിനിരുവശവുമുള്ള അനുബന്ധപാതയുടെ നീളം കല്ലുമല ഭാഗത്തേക്ക് 103.9 മീറ്ററും മാവേലിക്കര ഭാഗത്തേക്ക് 94.84 മീറ്ററുമാണ്.