പൊയ്യക്കര ജങ്ഷൻ-വഴുതാനം റോഡ് തകർന്നു

പളളിപ്പാട് : പള്ളിപ്പാട് പൊയ്യക്കര ജങ്ഷൻ-വഴുതാനം റോഡ് തകർന്നത് യാത്ര ബുദ്ധിമുട്ടിലാക്കുന്നു. മെറ്റലിളകി തകർന്ന റോഡിൽ പലയിടത്തും വലിയ കുഴികളാണ്. മഴ തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന് കുഴികൾ തിരിച്ചറിയാതെയുള്ള അപകടവും പതിവാണ്. വലിയ കുഴികളും തകർന്ന ഭാഗങ്ങളും കാരണം വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് പോകുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. കുഴികൾ ഒഴിവാക്കി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
മണിമലമുക്ക്-വഴുതാനം പറക്കളം റോഡിന്റെ ഭാഗമാണ് പൊയ്യക്കരനിന്നു വഴുതാനത്തിനുള്ള റോഡ്. 5.8 കിലോമീറ്ററുള്ള റോഡിനു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുൻകൈയെടുത്ത് സെൻട്രൽ റോഡ് ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തി 23 കോടിരൂപ അനുവദിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കെ.എസ്.ആർ.ടി.സി. ബസും സ്‌കൂൾ ബസുകളുമുൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന വഴിയാണ്.
വഴുതാനം വടക്ക്, തെക്ക് പാടശേഖരങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. പാടത്ത് വിത്തും വളവും കൊയ്ത്തു യന്ത്രങ്ങളുമെത്തിക്കുന്നത് ഈ റോഡിലൂടെയാണ്. പുഞ്ചക്കൃഷിക്കുള്ള ഒരുക്കം ഉടൻ തുടങ്ങും. റോഡ് പുനർനിർമിക്കുന്നത് വൈകുകയാണെങ്കിൽ അടിയന്തരമായി റോഡിലെ കുഴിയടക്കണമെന്നാണ് നാട്ടുകാരുടെയാവശ്യം.