മാക്കേക്കടവ്-നേരേകടവ് പാലം കാണാൻ തിരക്കേറുന്നു

പൂച്ചാക്കൽ : ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മാക്കേക്കടവ്-നേരേകടവ് പാലം കാണാൻ എത്തുന്നവരുടെ തിരക്കേറുന്നു. ഞായറാഴ്ച വൈകീട്ടും രാത്രിയിലും പാലത്തിലൂടെ നടന്നുപോകാൻ ഒട്ടേറെപ്പേരെത്തി. പാലത്തിലൂടെ നടന്നുപോകാൻ മാത്രമേ അനുവാദമുള്ളൂ. മാക്കേക്കടവിലും നേരേകടവിലും റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തിരിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പാലം കടന്നാൽ നേരേകടവ് മേഖലയിൽ വീതികുറഞ്ഞ ഇടുങ്ങിയ റോഡാണ്.
പാലം ഉദ്ഘാടനം ഉടനേ നടക്കുമെങ്കിലും തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 800 മീറ്റർ നീളവും ഇരുവശവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. മാക്കേക്കടവ്-നേരേകടവ് പാലം ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തുറവൂർ-പമ്പ പാതയുടെ ഭാഗമാണ്.