സുരക്ഷ എവിടെ ?

ചെങ്ങന്നൂർ-പാണ്ടനാട്-മാന്നാർ റോഡ്
പാണ്ടനാട് : ചെങ്ങന്നൂർ-പാണ്ടനാട്-മാന്നാർ റോഡിൽ അടിക്കടിയുള്ള അപകടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാവശ്യമായ സൂചനാ ബോർഡുകളില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇടറോഡുകളിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനുള്ള അടയാളങ്ങളുടെ അഭാവം, വളവുകൾ എന്നിവയും അപകടങ്ങൾക്കു കാരണമാകുന്നു. കൂടാതെ, റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്തത് മറ്റൊരു പ്രതിസന്ധിയാണ്.
ആർ.കെ.വി. ജങ്ഷനും കരിങ്ങാട്ടുശ്ശേരി കലുങ്കിനുമിടയിൽ സംരക്ഷണസംവിധാനമില്ല. റോഡിന്റെ ഒരുവശത്തുകൂടി മൈനർ ഇറിഗേഷന്റെ കനാലും പാടശേഖരവുമാണ്. ഈ ഭാഗത്ത് ജൂണിൽ അപകടസൂചനാ മുന്നറിയിപ്പ് നൽകാൻ മരാമത്തു വിഭാഗം റോഡിൽ ടാർവീപ്പകൾ നിരത്തിയിരുന്നു. എന്നാൽ, ഒരുമാസം കഴിഞ്ഞപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ടാർവീപ്പകളുടെ സ്ഥാനംതെറ്റി. ക്രാഷ് ബാരിയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ അടങ്കൽ തയ്യാറാക്കുമെന്നാണ് മരാമത്തു വിഭാഗം അറിയിച്ചത്.
മൂന്നുകോടി ചെലവഴിച്ചാണ് ചെങ്ങന്നൂർ-പാണ്ടനാട്-മാന്നാർ റോഡ് നവീകരിച്ചത്. റോഡു നന്നാക്കിയെങ്കിലും സംരക്ഷണഭിത്തി, അപകടാസൂചനാ ലൈറ്റുകൾ, മുന്നറിയിപ്പു ബോർഡുകൾ തുടങ്ങിയവ വേണ്ടയിടത്ത് സ്ഥാാപിച്ചില്ല. കഴിഞ്ഞദിവസം രാത്രിയിൽ പറമ്പിൽപ്പടിയിൽ കാർ വൈദ്യുതിപോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ചുകയറി. ഇതിനു മുൻപ് പഞ്ചായത്ത്, കൃഷിഭവൻ, കരുവേലിപ്പടി, മേടപ്പടി തുടങ്ങിയ ഭാഗങ്ങളിലും അപകടങ്ങൾ നടന്നിരുന്നു. ഇല്ലിമല പാലമിറങ്ങി വാഹനങ്ങൾ അതിവേഗത്തിലാണ് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.