തവണക്കടവ് കായലിലെ മണൽഖനനം; ഖനനസ്ഥലത്തേക്ക് വള്ളങ്ങളിൽ മാർച്ച് നടത്തി

പൂച്ചാക്കൽ : വേമ്പനാട്ടുകായലിൽ പള്ളിപ്പുറം തവണക്കടവ് ഭാഗത്തു െഡ്രജ്ജർ ഉപയോഗിച്ചു നടന്നുവരുന്ന മണൽ ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ വള്ളങ്ങളിൽ ഖനനസ്ഥലത്തേക്ക് മാർച്ച് നടത്തി. തവണക്കടവ് കായലിൽനിന്ന്‌ അശാസ്ത്രീയമായും അനിയന്ത്രിതമായും മണൽ ഖനനംചെയ്യുന്നതിനെതിരേയാണ് സമരം നടത്തിയത്. കരയിലും കായലിലുമായാണ് വ്യാഴാഴ്ച സമരം സംഘടിപ്പിച്ചത്. കരയിലെ മണൽ യാർഡിൽ കൊടിനാട്ടുകയും ചെയ്തു.

പ്രവർത്തകരെ ജയിലിലടച്ചാലും സമരം തീരില്ല - പി.പി. ചിത്തരഞ്ജൻ

:തൊഴിലാളികൾക്കെതിരേ കേസെടുത്തും ജയിലിലടച്ചും സമരം തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായലിനെയും തീരവാസികളെയും സംരക്ഷിക്കാൻ എന്തു ത്യാഗവും സഹിച്ചും സമരം തുടരും. ദേശീയപാത നിർമാണത്തിന് തൊഴിലാളികളും യൂണിയനും എതിരല്ല. നിർമാണത്തിന് കായലിലെ മണ്ണെടുക്കുന്നതിലും എതിർപ്പില്ല. എന്നാൽ, സർക്കാർ നൽകിയ അനുമതിയുടെ മറയിൽ കായലിലെ ആവാസവ്യവസ്ഥ തകർക്കും വിധം അശാസ്ത്രീയമായി ഖനനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

യൂണിയൻ ഏരിയ പ്രസിഡന്റ് വി.വി. സനിൽകുമാർ അധ്യക്ഷനായി. സി.പി.എം. ചേർത്തല ഏരിയ സെക്രട്ടറി ബി. വിനോദ്, യൂണിയൻ സെക്രട്ടറി പി.എസ്. ബാബു, ഫെഡറേഷൻ കോട്ടയം ജില്ല സെക്രട്ടറി കെ.കെ. രമേശൻ, ജില്ല പ്രസിഡന്റ് പി.ഐ. ഹാരിസ്, സി.ഐ.ടി.യു. ജില്ല സെക്രട്ടറി എൻ.ആർ. ബാബുരാജ്, ഏരിയ സെക്രട്ടറി പി. ഷാജിമോഹൻ തുടങ്ങിയവർ സംസാരിച്ചു.