പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം; പ്രധാന റോഡുകൾ തകർച്ചയിൽ

എടത്വാ : ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ തകർച്ചയിൽ. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ വൈകുന്നതായി പരാതി. പൊങ്കാലയ്ക്കെത്തുന്ന ഭക്തജനങ്ങൾ ദുരിതത്തിലാകുമെന്ന ആശങ്ക ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു ഭക്തജനങ്ങളാണ് പൊങ്കാല അർപ്പിക്കാനായി ക്ഷേത്രത്തിലെത്തുന്നത്. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിലേക്കുള്ള പ്രധാനറോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത ഉൾപ്പെടെ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളിൽ പലയിടത്തും കുഴികളും തകർച്ചയും യാത്രാ തടസ്സങ്ങളും നിലനിൽക്കുകയാണ്. സംസ്ഥാനപാതയിൽ വെള്ളക്കിണർ ജങ്ഷനു സമീപം കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെട്ടിരുന്നു. പൈപ്പ് ലൈൻ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും റോഡിലെ കുഴിയടച്ച് ടാറിങ് നടത്തി ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ നടപടിയായിട്ടില്ല.
പൊങ്കാലദിവസം സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുക. വാഹനങ്ങളുടെ തിരക്കും കാൽനടയാത്രക്കാരുടെ വരവും വർധിക്കുന്ന സാഹചര്യത്തിൽ റോഡുകളുടെ ശോച്യാവസ്ഥ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഗ്രാമീണറോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒട്ടുമിക്ക പഞ്ചായത്തു റോഡുകളും തകർന്ന നിലയിലാണ്. മഴപെയ്താൽ കാൽനടയാത്രപോലും അസാധ്യമാകും. പുനർനിർമാണം നടക്കാതെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട ഗ്രാമീണ റോഡുകളുമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പൊങ്കാലയ്ക്കു മുൻപായി ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളും പരിസര റോഡുകളും സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.