ഹരിപ്പാട്ട് അപകടം പതിവ്

കെ.എസ്.ആർ.ടി.സി. ബസുകൾ ദേശീയപാതയിലെത്തുന്നതിൽ ആശയക്കുഴപ്പം

ഹരിപ്പാട് : കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്നു ബസുകൾ ദേശീയപാതയിലേക്കിറങ്ങുന്നതിലെ ആശയക്കുഴപ്പം ഹരിപ്പാട്ട് അപകടങ്ങൾക്കിടയാക്കുന്നു. ബസുകൾ സ്റ്റാൻഡിലേക്കു കയറേണ്ട വഴിയിലൂടെതന്നെ പുറത്തേക്കിറക്കുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കുന്നത്.

സ്ഥലപരിചയമുള്ളവർക്കുപോലും ഈ രീതിയിൽ ബസ് വരുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല. ഞായറാഴ്ച വൈകീട്ട് ബൈക്ക് യാത്രക്കാരൻ കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ അഞ്ജിത്ത് (24) ഇതേരീതിയിൽ അപകടത്തിൽപ്പെട്ടു.

നങ്ങ്യാർകുളങ്ങര ഭാഗത്തുനിന്നു ബൈക്കിൽ ഹരിപ്പാട്ടേക്കുവന്ന അഞ്ജിത്ത്് സർവീസ് റോഡിലൂടെ ബസ് സ്റ്റാൻഡിന്റെ തെക്കേവാതിലെത്തിയപ്പോഴേക്കും പെട്ടെന്ന് ബസ് ഈ റോഡിലേക്ക് കയറിവരുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.

ഈ വഴിയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് വരാറില്ലാത്തതിനാൽ ഇവിടെ അപകടഭീഷണിയുള്ളതായി തിരിച്ചറിയാനാകില്ല. തീരെ വീതികുറഞ്ഞ റോഡാണിത്. ഇരുവശത്തും കെട്ടിടങ്ങളുള്ളതിനാൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് റോഡിലേക്കു വരുന്നത് പെട്ടെന്ന് തിരിച്ചറിയില്ല. ബസിന്റെ മുൻഭാഗം റോഡിലെത്തിയാൽ മാത്രമേ തെക്കുഭാഗത്തുനിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണാൻ കഴിയുകയുള്ളൂ. ഇത്രയും അപകടസാധ്യതയുള്ള സ്ഥലത്ത് സുരക്ഷിതയാത്ര ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുമില്ല.

ഗവ. ആശുപത്രിക്കു സമീപത്താണ് കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പ്രധാന വാതിൽ. റെയിൽവേ റോഡിന് എതിർവശത്തുള്ള തെക്കേവാതിലിലൂടെ കയറുന്ന ബസുകൾ പ്രധാന വാതിലിലൂടെ പുറത്തേക്കിറക്കുന്നതായിരുന്നു പതിവ്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പ്രധാന വാതിലിലൂടെ പുറത്തേക്കുവരുന്ന ബസുകൾക്ക് തിരുവനന്തപുരം ഭാഗത്തേക്കു തിരിഞ്ഞുപോകാൻ ബുദ്ധിമുട്ടാണ്. ഇതിനു പരിഹാരമായാണ് ബസുകൾ തെക്കേ വാതിലിലൂടെതന്നെ പുറത്തേക്കിറക്കാൻ ബന്ധപ്പെട്ടവർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോർഡുകളോ ഗതാഗതം നിയന്ത്രിക്കാൻ ജീവനക്കാരോ ഇല്ലാത്തതാണ് വിനയാകുന്നത്.

ദേശീയപാതയുടെ നിർമാണം തുടങ്ങിയശേഷം ഗവ. ആശുപത്രി, കെ.എസ്.ആർ.ടി.സി. ജങ്ഷൻ, റെയിൽവേ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നൂറുകണക്കിനു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. 400 മീറ്റർ മാത്രം ദൂരത്തിലാണിത്. അപകടങ്ങളുണ്ടാകുമ്പോൾ ദേശീയപാത നിർമാണക്കരാറുകാർ ഗതാഗത നിയന്ത്രണത്തിന് ജീവനക്കാരെ ചുമതലപ്പെടുത്തും. ഏതാനും ദിവസങ്ങൾക്കുശേഷം ഇവരെ കാണാറില്ല.

ബസുകൾ തിരിയുന്നത് അതിവേഗത്തിൽ

കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് റോഡിൽനിന്നു ബസ് സ്റ്റാൻഡിലേക്ക് കയറുന്നതും പുറത്തേക്കിറങ്ങുന്നതും അതിവേഗത്തിലാണെന്നു പരാതിയുണ്ട്. മറ്റുവാഹനങ്ങളെ പരിഗണിക്കാതെ തോനുംപടി തിരിഞ്ഞുപോകുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ യാത്രക്കാർക്കു വലിയഭീഷണിയാണ്.