കരുതി നടക്കണം; കാൽ തെറ്റിയാൽ കുഴിയിൽ വീഴും

ബസ് സ്‌റ്റോപ്പുകൾക്കരികിൽ അപകടം പതിയിരിക്കുന്നു
തുറവൂർ : ദേശീയപാതയിൽ തുറവൂരിൽ ബസിറങ്ങുന്നതു സൂക്ഷിച്ചു വേണം. ഇല്ലെങ്കിൽ കാൽതെറ്റി കുഴിയിൽ വീഴും. കവലയ്ക്ക് തെക്കുഭാഗത്തെ സർവീസ് റോഡിനരികിലെ കാനയോടു ചേർന്നാണ് അപകടക്കുഴികളുള്ളത്. തുറവൂർ- അരൂർ ഉയരപ്പാത നീളംകൂട്ടുന്നതിന്റെ ഭാഗമായാണു കവലയിൽനിന്നു തെക്കോട്ട് മാസങ്ങൾക്കുമുൻപ്
പുതിയ സർവീസ് റോഡുകളും കാനകളും പണിതത്. എന്നാൽ, കാനയ്ക്കരികിലുള്ള കുഴികൾ മൂടിയില്ല. നിലവിലെ കുഴികളുള്ള സ്ഥലത്തുതന്നെയാണു ബസുകൾ നിർത്തി ആളെയിറക്കുന്നതും കയറ്റുന്നതും. പലരും കുഴിയിൽ വീഴാതെ കഷ്ടിച്ചാണു രക്ഷപ്പെടുന്നത്.
പലരുടെയും മൊബൈൽ ഫോണുകൾ കുഴിയിൽ വീണിട്ടുണ്ട്. വിശാലമായ ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ സർവീസ് റോഡിലൂടെ തിങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. ഇവിടങ്ങളിലൂടെ കാൽനടയാത്രപോലും പ്രയാസമാണ്. അതിനുപുറമേയാണ് കുഴികൾമൂലമുള്ള ബുദ്ധിമുട്ടുകൾ. അത്യന്തം അപകടകരമായ സാഹചര്യമായിട്ടും കുഴിമൂടാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. തുറവൂർ പഞ്ചായത്തധികൃതരോ അരൂർ എം.എൽ.എ.യോ അടിയന്തരമായി ഇടപെട്ട് കുഴി മൂടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.