തകർന്നിട്ടും പൊളിക്കാതെ മാന്നാർ പി.ഒ.

മാന്നാർ : ദ്രവിച്ച കഴുക്കോലുകൾ, പൊട്ടിവീണ ഓടുകൾ, തകർന്ന ജനാലകളും വാതിലുകളും, ഏതു നിമിഷവും തകർന്നുവീഴാവുന്ന ഭിത്തികൾ. മാന്നാർ ടൗണിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മാന്നാർ തപാൽ ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥയാണിത്. മാന്നാർ പിഷാരത്ത് ശങ്കരപ്പിള്ളയിൽനിന്നും സർക്കാർ പൊന്നുംവിലയ്ക്കു വാങ്ങിയ പത്തുസെന്റു സ്ഥലത്തു നിർമിച്ച കെട്ടിടത്തിന് എഴുപത്തിയഞ്ചു വർഷം പഴക്കമുണ്ട്. അതിനോടുചേർന്നുള്ള കുടുസുമുറിയിൽ തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും തകർന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കുന്നതിനായുള്ള കാത്തിരിപ്പു നീളുകയാണ്. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയോരത്ത് മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനും കെ.എസ്.ഇ.ബി., പോലീസ് സ്റ്റേഷൻ എന്നിവയ്ക്കും സമീപത്തായി സ്ഥിതിചെയ്യുന്ന കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതോടെ മഴക്കാലത്തു വെള്ളം മുറികൾക്കുള്ളിൽ വീഴാതിരിക്കാൻ മേൽക്കൂരയ്ക്കുമുകളിൽ ടാർപോളിൻ ഷീറ്റു വിരിച്ചായിരുന്നു ഓഫീസിന്റെ പ്രവർത്തനം. കെട്ടിടത്തിന്റെ പുനർനിർമാണ സാധ്യതകൾ പരിശോധിക്കാൻ മധ്യമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ സെയ്ദ് റഷീദ്, കേരള പോസ്റ്റൽ സിവിൽ യൂണിറ്റ് എക്സിക്യുട്ടീവ് എൻജിനിയർ അമിത് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോസ്റ്റൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥസംഘം
2023 ഡിസംബറിൽ മാന്നാറിലെത്തി കെട്ടിടത്തിന്റെ ഭാഗങ്ങൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. തത്കാലം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാനായിരുന്നു പോസ്റ്റൽ വകുപ്പിന്റെ നിർദേശം.
അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതു നിലവിലുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം അനുയോജ്യമല്ലെന്നും പുതിയ കെട്ടിടം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവർഷം മുൻപ് കേന്ദ്ര തപാൽ വകുപ്പു മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കൂടിക്കാഴ്ച നടത്തിയതോടെയാണ് പുതിയ കെട്ടിടം നിർമിക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. എസ്റ്റിമേറ്റ് തയ്യാറാക്കി ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നായിരുന്നു അന്ന് എം.പി.യുടെ പ്രഖ്യാപനം. ഏതാനും മാസങ്ങൾക്കുശേഷം നിർമാണത്തിന് അനുമതി ലഭിച്ചതായും അതിനായി ശ്രമിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി.ക്ക് അഭിനന്ദനം അറിയിച്ചും ഫ്ലെക്സുകളും ഉയർന്നിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പ്രാരംഭനടപടികൾപോലും ആരംഭിച്ചിട്ടില്ല. താത്കാലികമായി പ്രവർത്തനം ആരംഭിച്ച ഇടുങ്ങിയ മുറിയിൽ പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെ ഏഴു ജീവനക്കാർ ശ്വാസംമുട്ടിയാണു ജോലിചെയ്യുന്നത്. തപാൽ ഇടപാടുകൾക്കു പുറമേ എസ്.ബി- ആർ.ഡി അക്കൗണ്ട്, ഇൻഷുറൻസ്, മണി ഓർഡർ തുടങ്ങിയ നിരവധി സേവനങ്ങളും ഇവിടെയുണ്ട്.