അവിവാഹിതരായവർക്ക് ക്ഷേത്രത്തിൽ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്

ചെങ്ങന്നൂർ: വിവാഹമെന്ന സ്വപ്നവുമായി മുണ്ടൻകാവ് വടശ്ശേരിക്കാവ് ക്ഷേത്രത്തിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പിലെത്തിയത് 1860 പേർ. ഇവരിൽ ബഹുഭൂരിപക്ഷവും യുവാക്കൾ. ഞായറാഴ്ച രാവിലെ ആറിന് ക്ഷേത്രാങ്കണത്തിൽ തുടങ്ങിയ ക്യാമ്പ് ഉച്ചവരെ തുടർന്നു.ക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കിയ ഫോമുകളിലാണ് പങ്കെടുക്കാനെത്തിയവർ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയത്.
ഇതു സ്വീകരിക്കാൻ ട്രസറ്റിന്റെ നേതൃത്വത്തിൽ വോളന്റിയർമാരുണ്ടായിരുന്നു.കൂടാതെ മെഡിക്കൽ സേവനം,കുടിവെള്ളം എന്നിവയും ഒരുക്കി.ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ തലേ ദിവസം ചെങ്ങന്നൂരിലെത്തി തങ്ങി. രാവിലെ എട്ടിന് ക്യാമ്പ് തുടങ്ങാനാണ് സംഘാടകർ ആദ്യം നിശ്ചയിച്ചത്. പിന്നീട് തിരക്ക് മുന്നിൽക്കണ്ട് രാവിലെ ആറിന് തുടങ്ങുകയായിരുന്നു.
രജിസ്റ്റർ ചെയ്തവർക്ക് ടോക്കൺ നമ്പർ നൽകി.ലഭിച്ച ഫോമുകളിലെ വിവരങ്ങൾ കംപ്യൂട്ടറിൽ എന്റർ ചെയ്യും. ഇതു പൂർത്തിയായി കഴിഞ്ഞാൽ ഫെബ്രുവരി ഒന്ന് മുതൽ ടോക്കൺ നമ്പറുപയോഗിച്ച് ബന്ധപ്പെട്ടാൽ അനുയോജ്യമായ പങ്കാളികളെ കണ്ടെത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും തുടർ ക്യാമ്പുകളുണ്ടാകുമെന്നും ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.