ചേനയുടെ കടയ്ക്കൽ ചീയൽ; പ്രതിവിധിയെന്ത്? അറിയേണ്ടതെല്ലാം

കോളർ റോട്ട് എന്നറിയപ്പെടുന്ന ചേനയുടെ കടചീയൽ രോഗം ഒരു കുമിൾരോഗമാണ്. ചേനക്കൃഷിക്ക് ഏറ്റവുമധികം നഷ്ടം വരുത്തുന്ന രോഗംകൂടിയാണിത്. വളർച്ചയുടെ ഏതാണ്ട് അവസാനഘട്ടത്തിലാണ് ഈ രോഗബാധയുണ്ടാകുക എങ്കിലും എപ്പോൾ വേണമെങ്കിലും ചെടികളെ പിടികൂടാം.
സ്‌ക്‌ളീറോഷിയം റോൾഫ്‌സി എന്ന കുമിളാണ് രോഗഹേതു. കടയ്ക്കലാണ് അഴുകൽ ബാധിക്കുക എന്നതിനാൽ ചെടിയുടെ ചുവടുഭാഗത്ത് അസാധാരണമായി ഉണ്ടാകുന്ന മുറിവുകളും രോഗത്തിന് വഴിവെക്കാം. കടഭാഗത്തു മൺനിരപ്പിനു തൊട്ടുമീതെയായി തവിട്ടുനിറത്തിൽ നിറഭേദം കാണുന്നു. ഇത് ക്രമേണ മഞ്ഞനിറമായി ഇലകളുടെ അഗ്രഭാഗത്തുനിന്ന് കാണാം. പിന്നീടിത് ചെടി പാടെ വ്യാപിച്ചു മഞ്ഞനിറമായി തണ്ടുചുരുങ്ങി ചെടി നശിക്കാനും ഇടയാക്കും.
രോഗബാധയുള്ള ഭാഗത്തെല്ലാം കുമിളിന്റെ വെളുത്തതന്തുക്കൾ വളർന്നിരിക്കുന്നതും വ്യക്തമായി കാണാം. കുമിളിന്റെ അനിയന്ത്രിതമായ വളർച്ചയ്ക്ക് പലകാരണങ്ങളുണ്ട്. വിട്ടുവിട്ടുള്ള മഴ, ഉയർന്ന അന്തരീക്ഷ ആർദ്രത, ജൈവവളം ക്രമാതീതമായതിന്റെ സ്വാധീനം, വെള്ളക്കെട്ട്, പ്രാണികളോ കൃഷി ഉപകരണങ്ങളോ വരുത്തിവെക്കുന്ന മുറിവുകൾ തുടങ്ങിയവയെല്ലാം അനുകൂല ഘടകങ്ങളാണ്. ആദ്യമേ പ്രതിരോധനടപടികൾ സ്വീകരിക്കണം.
നിയന്ത്രണം
- രോഗബാധയില്ലാത്ത ചേനവിത്തുകൾ മാത്രം നടുക
- രോഗബാധ കണ്ടുതുടങ്ങുമ്പോൾതന്നെ അത്തരം ചെടികൾ പിഴുതുമാറ്റുക
- വിത്തുകൾ നടുന്നതിനു മുൻപ് ഒരു കിലോ വിത്തിനു മാങ്കോസെബ്, കാർബെൻഡാസിം എന്നീ
- കുമിൾനാശിനികൾ 0.1 ശതമാനം ലായനിയിൽ മുക്കുക
- നടീൽവസ്തുക്കൾ ട്രൈക്കോഡെർമ ആസ്പെറല്ലം അഞ്ചുകിലോഗ്രാം ഒരു കിലോ ചേനയ്ക്ക് എന്ന തോതിൽ കലർത്തിയ ചാണകപ്പാലിൽ നടുന്നതിനു മൂന്നുദിവസം മുൻപ് മുക്കിവെക്കുക
- രോഗം ബാധിച്ച അവശിഷ്ടങ്ങൾ നീക്കുക
- വേണ്ടത്ര നീർവാർച്ചാസൗകര്യം ചെയ്യുക
- വേപ്പിൻപിണ്ണാക്ക് രണ്ടുതവണയായി ചേർക്കുക
- ട്രൈക്കോഡെർമ, വെർമി കമ്പോസ്റ്റ് ലായനിയാക്കി ചുവട്ടിൽ ഒഴിക്കുക
Content Highlights: Learn about Yam Collar Rot (Cheena Kadayil Cheeyal), a fungal disease caused by Sclerotium rolfsii. Discover its symptoms, contributing factors, and effective control measures for healthy yam cultivation.