വാഴക്കുലകൾക്ക് വലിപ്പവും തൂക്കവും ഏറാൻ സൾഫേറ്റ് ഓഫ് പൊട്ടാഷ്; കർഷകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ശാസ്ത്രീയ വാഴക്കൃഷിയും അതുവഴി മികച്ചവിളവും വരുമാനവും ലഭ്യമാകുന്ന നിലവിലെ സാഹചര്യത്തിലാണ് ഇതരപരിപാലന മുറകളുടെ കൂട്ടത്തിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് പ്രയോഗത്തിന് പ്രസക്തിവർധിക്കുന്നത്. ആകർഷകമായ കുലകൾക്ക് വിപണിയിൽ മുന്തിയ വില കിട്ടുന്നതിനാൽ നമ്മുടെ നാട്ടിലെ വാഴക്കൃഷിയിലും ഇത് ശുപാർശ ചെയ്യുന്നുണ്ട്. സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ പ്രയോഗം വാഴയുടെ കരുത്തേറിയ വളർച്ചയ്ക്കും കായുടെ വലിപ്പം വർധിക്കാനും രോഗപ്രതിരോധശേഷി കൈവരാനുമൊക്കെ സഹായകമാണ്.
വാഴ നട്ട് മൂന്നുമുതൽ അഞ്ചുമാസം വരെയുള്ള കാലയളവ് (കായിക വളർച്ചാഘട്ടം) ആണ് പ്രയോഗിക്കാൻ അനുയോജ്യമായ സമയം. കുലവരാൻ തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള ഘട്ടത്തിലും ഇതുനൽകാം. രണ്ടു വിധത്തിൽ ഇതുചെയ്യാം.
1. വാഴയുടെ ചുവട്ടിൽത്തന്നെ. ചുവട്ടിൽ നിന്ന് അല്പം മാറി (30-45 സെ.മീറ്റർ ) നേരിട്ട് വേരുകളിൽ തട്ടാത്ത വിധത്തിൽ മണ്ണിൽ ചേർത്ത് കൊടുക്കാം. ഇത് മണ്ണിലെ പൊട്ടാഷിന്റെ അളവ് വർധിപ്പിക്കും.
2. ഇലത്തളി അഥവാ ഫോളിയർ സ്പ്രേ. ഇത് വെള്ളത്തിൽ ലയിക്കുന്ന വളമായതിനാൽ 10 ഗ്രാം സൾഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് കുലയിൽ പടലകൾ വിരിഞ്ഞതിനു ശേഷവും രണ്ടാഴ്ച കഴിഞ്ഞുമാണ് തളിച്ച് കൊടുക്കേണ്ടത്. വഴക്കുലയുടെ വലുപ്പവും തൂക്കവും ഗുണമേന്മയും ഇതുവഴി വർധിക്കും. മണ്ണിൽ സാധാരണ സംഭവിക്കാൻ ഇടയുള്ള സൾഫറിന്റെ കുറവ് പരിഹരിക്കാനും അങ്ങനെ ചെടിക്ക് രോഗപ്രതിരോധശേഷി നൽകാനും ഇത് ഉപകരിക്കും. വേരുകളുടെ ആരോഗ്യവും സംരക്ഷിക്കും.
മണ്ണിൽ നനവുള്ളപ്പോൾ മാത്രമേ ഇത് ചേർക്കാവൂ. ഇതിനു പുറമേ സൂക്ഷ്മമൂലക സമൃദ്ധമായ സമ്പൂർണ, അയർ എന്നീ മിശ്രിതങ്ങളും നൽകുന്നത് നല്ല വിളവ് കിട്ടാൻ ഇടയാക്കും. ഇതിൽ സമ്പൂർണ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് രണ്ടുമാസം വിട്ട് ഇലകളിൽ തളിക്കേണ്ടത്. അയർ ആകട്ടെ വാഴ നട്ട് രണ്ടാംമാസവും നാലാം മാസവും 100 ഗ്രാം വീതം മണ്ണിൽ ചേർത്തുകൊടുക്കാനാണ് ശുപാർശ.
Content Highlights: Learn how to use Sulphate of Potash to increase banana bunch size and weight. Follow our expert guide on application methods and dosage for higher yields.