മണ്ണ് പരിശോധന: സാംപിൾ തയ്യാറാക്കാൻ ശ്രദ്ധിക്കാം

#ആർ. വീണാറാണി
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

മണ്ണു പരിശോധനയുടെ കൃത്യത സാംപിൾ ശേഖരണത്തെ ആശ്രയിച്ചാണ്. സാംപിളിന്റെ അളവ് 500 ഗ്രാം ആണെങ്കിലും ശേഖരിക്കുന്ന സ്ഥലത്തെ ആകെ മേൽമണ്ണിനെയും പ്രതിനിധാനംചെയ്യേണ്ടതുണ്ട്. അതിനാൽ സാംപിൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം.

ഓരോ പ്ലോട്ടിന്റെയും സാംപിളുകൾ പ്രത്യേകം ശേഖരിക്കുക. വിളകളുടെ വളർച്ച, മണ്ണിന്റെ സ്വഭാവം തുടങ്ങിയവ വ്യത്യസ്തമായിരിക്കുന്നതിനാൽ പ്ലോട്ട് വിവിധ ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനെയും പ്രതിനിധാനം ചെയ്യുന്നതരത്തിൽ വ്യത്യസ്ത സാംപിൾ ശേഖരിക്കണം.

വരമ്പുകൾ, അവയുടെ സമീപഭാഗങ്ങൾ തുടങ്ങി പ്ലോട്ടിന്റെ പ്രാതിനിധ്യസ്വഭാവമില്ലാത്ത സ്ഥലങ്ങളിൽനിന്ന്‌ സാംപിൾ മണ്ണ് ശേഖരിക്കരുത്. കുമ്മായം, രാസവളം, ജൈവവളം തുടങ്ങിയവ ചേർത്ത പ്രദേശങ്ങളിൽനിന്ന്‌ മണ്ണ് ശേഖരിക്കാതിരിക്കുക. സാധാരണപ്രദേശങ്ങളിൽ 15 സെന്റീ മീറ്റർ, പുൽത്തകിടികളിൽ അഞ്ച് സെന്റീ മീറ്റർ എന്നിങ്ങനെയാകണം മണ്ണുശേഖരണത്തിന്റെ ആഴം. വരികളായി നട്ടിരിക്കുന്ന വിളകളുടെ കാര്യത്തിൽ പ്രസ്തുത വരികൾക്കിടിയിൽ നിന്നുമാത്രമേ ശേഖരിക്കാവൂ.

മണ്ണിനു മുകളിലുള്ള ചീഞ്ഞഴുകിയ ഇലകൾ തുടങ്ങിയ എല്ലാ അന്യവസ്തുക്കളും നീക്കംചെയ്യുക. അനുയോജ്യമായ ആഴത്തിൽ ദീർഘകാല വിളകൾ കൃഷിചെയ്യുന്ന പറമ്പിൽ 25 സെൻറീമീറ്റർ എന്ന കണക്കെ കുഴിയെടുക്കുക. ഈ കുഴിയുടെ വശങ്ങളിൽനിന്ന്‌ ഏകദേശം രണ്ട് സെ.മീറ്റർ കനത്തിൽ മണ്ണ് ചെത്തി ശേഖരിക്കണം. ഇങ്ങനെ പ്ലോട്ടിന്റെ 10 ഭാഗങ്ങളിൽനിന്നെങ്കിലും സാംപിളുകളെടുത്ത്, വൃത്തിയാക്കിയ പാത്രത്തിൽ ശേഖരിക്കുക.

മണ്ണിന്റെ പ്രാതിനിധ്യസ്വഭാവം ഉറപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിച്ച മണ്ണ് നന്നായി കൂട്ടിക്കലർത്തണം. നിരപ്പായ സ്ഥലത്ത് പേപ്പർ വിരിച്ച് ഒരേ കനത്തിൽ ചതുരാകൃതിയിൽ നിരത്താം. നീളത്തിലും വീതിയിലും രണ്ടായിപ്പകുത്ത് തുല്യ അളവുകളുള്ള നാലു സമചതുരങ്ങളാക്കി വിപരീതഭാഗത്തെ രണ്ട്‌ ഭാഗം മണ്ണ് ഉപേക്ഷിക്കുകയും ചെയ്താൽ അളവ് ഏകദേശം പകുതിയാകും. ഇങ്ങനെ കുഴിച്ചെടുത്ത 500 ഗ്രാം വരുന്ന മണ്ണ് പരിശോധനാ ലാബിൽ അയക്കാൻ പാക്ക് ചെയ്യണം. ആവശ്യമായ വിവരങ്ങൾ പെൻസിൽകൊണ്ട് എഴുതിച്ചേർത്ത്‌ മടക്കി സാംപിൾ ബാഗിൽ വെച്ചശേഷം കെട്ടാം.

ഷീറ്റിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ

കർഷകന്റെ പേര്, പൂർണ മേൽവിലാസം, വില്ലേജ്, താലൂക്ക്, ജില്ല, സർവേ നമ്പർ, കൃഷിചെയ്യാൻ ഉദ്ദേശിക്കുന്നതും നിലവിൽ കൃഷിചെയ്യുന്നതുമായ വിളയിനം, പ്ലോട്ടിന്റെ മൂന്നുവർഷത്തെ ചരിത്രം, മണ്ണിന്റെ സ്വഭാവം (ഉയർന്ന പ്രദേശം/വെള്ളക്കെട്ടുള്ള പ്രദേശം തുടങ്ങിയവ), സാംപിൾ ശേഖരിച്ച പ്ലോട്ടിന്റെ വിസ്തീർണം, സാംപിൾ ശേഖരിച്ച ആഴം, കർഷകന്റെ ഒപ്പ്.

Content Highlights: Learn the professional steps to collect accurate soil samples for lab testing. Follow our guide to ensure better crop yield and soil health.