സ്മാൾ ഹൈവ് വണ്ടുകളുടെ ആക്രമണം; തേനീച്ചക്കർഷകർക്ക് പുതിയ വെല്ലുവിളി, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

#കെ.എം. ആതിര
തേനീച്ച | പ്രതീകാത്മക ചിത്രം : AFP
തേനീച്ച | പ്രതീകാത്മക ചിത്രം : AFP

തേനീച്ചക്കൂട്ടിൽ മുട്ടയിട്ടുവളരുന്ന സ്മാൾഹൈവ് വണ്ടുകൾ കർഷകരുടെ ഉറക്കംകെടുത്തുന്നു. തമിഴ്നാട്-കേരള അതിർത്തിയിലെ മീനാക്ഷിപുരത്ത് വണ്ടുകളുടെ ആക്രമണം ആശങ്കസൃഷ്ടിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. വണ്ടുകൾ കൂട്ടത്തോടെ മുട്ടയിട്ടതിനെത്തുടർന്ന്, ലാർവകൾ നശിപ്പിച്ച കൂടുകൾ ജൂലായിൽ തീയിട്ട് നശിപ്പിച്ചുവെന്ന് കർഷകർ പറഞ്ഞു.

സ്മാൾ ഹൈവ് വണ്ടുകൾ

തേനീച്ചക്കോളനികളെ മുഴുവനായും നശിപ്പിക്കാൻ കെല്പുള്ള പ്രത്യേകതരം വണ്ടുകളാണിവ. തേനീച്ചകളുടെ മുട്ട, ലാർവ, തേൻ എന്നിവയുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ ഇവയ്ക്കു സാധിക്കും. അതിസൂക്ഷ്മ ഘ്രാണശക്തിയുള്ള ഇവ മൈലുകളോളം സഞ്ചരിക്കും. ചുവപ്പു കലർന്ന തവിട്ടു/ കറുപ്പ് നിറത്തിലുള്ള ഇവയുടെ ശരീരം രോമാവൃതമാണ്. ലാർവകൾക്ക് മെഴുക് പുഴുവിനോടാണ് സാമ്യം.

ആക്രമണം തിരിച്ചറിയാം

തേനീച്ചക്കൂടുകളുടെ പുറത്താണ് ഈ വണ്ടുകൾ മുട്ടയിടുക. അടച്ചുെവച്ച അറകളിൽ ചെറിയ ദ്വാരമുണ്ടാക്കി മുട്ടയിടാനും പൂർണവളർച്ചയെത്തിയ വണ്ടുകൾക്ക് കഴിയും. മുട്ട വിരിഞ്ഞുണ്ടാവുന്ന പുഴുക്കൾ തേനീച്ചക്കൂട്ടിലെ മെഴുകും തേനും ഭക്ഷിക്കുന്നതോടെ കൂടിന്റെ ആകൃതി നഷ്ടമാകും. ഘടനയും പ്രത്യേക അറകളുടെ ക്രമീകരണവും ഇല്ലാതാകും. ഇതോടെ കൂടിനുള്ളിലെ തേനും മുട്ടകളും ഇവയുടെ അവശിഷ്ടവും കൂടിക്കലരും. ഇത് തേൻ പുളിക്കാൻ കാരണമാകും. ഇവയുടെ ആക്രമണമുണ്ടായാൽ കൂടിന് പുറത്തേക്ക് തേൻ ഒഴുകുന്ന നിലയിൽ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

തേനീച്ചക്കൃഷി നടത്തുമ്പോൾ കൂടുകളിൽ. കൃത്യമായ ഇടവേളകളിലുള്ള പരിശോധന വേണം. മഴക്കാലങ്ങളിൽ തേനീച്ചകൾക്ക് ആവശ്യമായ പഞ്ചസാരവെള്ളം കൃത്യമായി നൽകണം. തേനീച്ചക്കോളനി ദുർബലമാവാതെ സൂക്ഷിക്കാനാണിത്. ശക്തമായ കോളനികൾക്ക് ഒരു പരിധിവരെ കീടാക്രമണങ്ങളെ പ്രതിരോധിക്കാനാകും.

അധികൃതരെ അറിയിക്കണം

‘ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കണം. തേനീച്ചക്കർഷകർ കൂടുകൾ വാങ്ങുമ്പോൾ അതി ശ്രദ്ധ വേണം. കൃത്യമായ പരിശീലനമോ വിദഗ്‌ധരുടെ നിർദേശമോ കൂടാതെ കൂടുകൾ വാങ്ങരുത്. കേരളത്തിൽ ഇത് വ്യാപകമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയോ പഠനങ്ങൾ നടക്കുകയോ ചെയ്തിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത് കേരളത്തിലെ കർഷകർക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.‘ വെള്ളാനിക്കര കാർഷിക കോളേജ് മുൻ ഡീനും എന്റമോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. മണിചെല്ലപ്പൻ പറഞ്ഞു.

കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

‘തേനീച്ചക്കൂട്ടിൽ ലാർവകളെ കണ്ടാൽ മണ്ണിൽ അലക്ഷ്യമായി ഇടരുത്. കുറച്ച് വെള്ളത്തിൽ മണ്ണെണ്ണയോ ഡീസലോ ചേർത്ത മിശ്രിതം ഇവയെ നശിപ്പിക്കാൻ ഉപയോഗിക്കാം. കൂടിന്റെ പരിസരവും വൃത്തിയാക്കണം. ജൈവനിയന്ത്രണത്തിനുള്ള കുമിളുകളായ മെറ്റാറൈസിയം ആനിസോപ്ളിയേ, ബ്യുവേറിയ ബാസിയാന എന്നിവ പ്രയോഗിക്കാം. പൊടിരൂപത്തിലുള്ള ഇവ വെള്ളത്തിൽ കലർത്തി മിശ്രിതമാക്കി മണ്ണിൽ തളിക്കാം. ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം ബ്യുവേറിയ, ഒരു ലിറ്റർ വെള്ളത്തിന് 10 ഗ്രാം മെറ്റാറൈസിയം എന്നതാണ് കണക്ക്. വേപ്പിൻപിണ്ണാക്ക് കൂടിന് താഴെയായി ഉപയോഗിക്കാം‘. മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ.യു. വിശാഖ് പറഞ്ഞു.

Content Highlights: Learn how small hive beetles threaten beekeeping. Discover prevention tips, symptoms, and control measures.