മഴക്കാല പച്ചക്കറി കൃഷി: രോഗബാധ തടയാം; ശ്രദ്ധിക്കേണ്ടതെന്തെല്ലാം

ഓണത്തിന് വിളവെടുപ്പിന് തയ്യാറാക്കേണ്ട പച്ചക്കറികൃഷിയിലെ കീടരോഗബാധ തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒഴിവാക്കാം. മഴക്കാല പച്ചക്കറി കൃഷിയിൽ വെല്ലുവിളിയുയർത്തുന്ന രോഗബാധയും ഇത് തടയാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്നും നോക്കാം.
ബാക്ടീരിയൽ വാട്ടരോഗം
പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ വഴുതനവർഗ വിളകളിലെ ബാക്ടീരിയൽ വാട്ടമാണ് ഇതിൽ പ്രധാനി. രോഗംബാധിച്ച ചെടികൾ പെട്ടെന്ന് പച്ചനിറം മാറാതെതന്നെ ഇലകൾ താഴേക്ക് ചുരുണ്ട് വാടിപ്പോകുന്നു. തണ്ടിനകത്ത് മുറിച്ചുനോക്കിയാൽ നിറവ്യത്യാസം കാണും.
വെള്ളം കെട്ടിനിൽക്കാതെ നീർവാർച്ച സൗകര്യം മെച്ചപ്പെടുത്തി കൃഷിയിറക്കുന്നത് ഏറെ പ്രധാനം. മൂന്നുകിലോഗ്രാം പൊടിഞ്ഞ കുമ്മായം ഇളക്കിച്ചേർക്കണം. രണ്ടാഴ്ചയ്ക്കുശേഷം ട്രൈക്കോഡർമ എന്ന മിത്രകുമിൾ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേർത്ത് തൈകൾ നടാം.
വാട്ടരോഗ നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം രോഗം ബാധിച്ച ചെടികൾ പിഴുതെടുത്ത് നശിപ്പിക്കുക എന്നതു തന്നെ. വഴുതനവർഗ ചെടികൾ ഒരു സ്ഥലത്ത് അടുത്തടുത്ത് നടാതിരിക്കുക. ഒരേ ചാലിൽ വഴുതനനട്ടശേഷം പച്ചമുളക് നടുന്നതിനുപകരം പയർ കൃഷി ചെയ്യാം. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ തൈകളുടെ വേര് അരമണിക്കൂർ മുക്കിവെച്ചശേഷം നടുന്നത് ഗുണംചെയ്യും.
രോഗം പടരാതിരിക്കാനായി രോഗബാധയേറ്റശേഷം മിത്ര ബാക്ടീരിയയായ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ കലർത്തിയ ലായനികൊണ്ട് തടം കുതിർക്കണം. പത്ത് ദിവസത്തിലൊരിക്കൽ ഇത് ആവർത്തിക്കാം. സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കാനും ശ്രദ്ധിക്കണം. രോഗം വന്നു കഴിഞ്ഞാൽ ബ്ലീച്ചിങ് പൗഡർ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് കലർത്തി ചാലുകൾ നനച്ചാൽ പടർന്നുപിടിക്കാതെ ഒഴിവാക്കാം.
കടചീയൽ രോഗം
പയർ, ചീര, ചേന തുടങ്ങിയ പല വിഭാഗത്തിൽപ്പെടുന്ന പച്ചക്കറികൾക്ക് മഴക്കാലത്ത് വരുന്ന പ്രധാനരോഗമാണ് കടചീയൽ. താഴത്തെ ഇലകളിൽ കാണുന്ന മഞ്ഞളിപ്പാണ് ആദ്യ ലക്ഷണം. മുകളിലത്തെ ഇലകളിലേക്ക് മഞ്ഞളിപ്പ് പടരുന്നതാണ് അടുത്ത ഘട്ടം. ചെടിയുടെ വേരും കട ഭാഗവും ചീഞ്ഞ് ഉണങ്ങി ചെടി വാടും.
രോഗം ഒഴിവാക്കുന്നതിനായി നിലമൊരുക്കുമ്പോൾ സെൻറിന് മൂന്നു കിലോഗ്രാം എന്ന തോതിൽ പൊടിഞ്ഞ കുമ്മായം ചേർക്കണം. രണ്ടാഴ്ചയ്ക്കുശേഷം മിത്രകുമിളായ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം തടത്തിൽ ഇട്ടുകൊടുക്കുക. ജല നിർഗമന സൗകര്യം ഉറപ്പുവരുത്തണം. വിത്ത് സ്യൂഡോമോണസ് ലായനിയിൽ കുതിർത്തോ മിക്സ് ചെയ്തോമാത്രമേ നടാവൂ.
ഇലപ്പുള്ളി രോഗം
വെണ്ടയിൽ ഇലപ്പരപ്പിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ കാണാം. ഇലകളുടെ അടിഭാഗത്ത് ആരംഭിക്കുന്ന പ്രത്യേക ആകൃതിയൊന്നുമില്ലാത്ത അനേകം കറുത്ത പുള്ളികളുടെ രൂപഭേദമാണിത്. ഇലപ്പുള്ളികളുടെ എണ്ണം വർധിച്ച് ഇലപ്പരപ്പിൽ പച്ചനിറത്തിൻറെ വ്യാപ്തി കുറയും.
അടിഭാഗത്തെ ഇലകൾ പൊടിഞ്ഞു മുകളിലേക്ക് പടരുന്ന രീതിയാണ് സെർക്കോസ്പോന ഇലപ്പുള്ളി രോഗത്തിൻറെ പ്രത്യേകത. മഴക്കാലത്ത് വളരെ പെെട്ടന്ന് പടർന്നുപിടിക്കുന്ന ഈ രോഗം തുടക്കത്തിൽ തന്നെ നിയന്ത്രിച്ചേ മതിയാകൂ.
രോഗം വരാതിരിക്കാൻ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കണം. അടുക്കത്തോട്ടത്തിൽ മഴക്കാലത്ത് ജലനിർഗമന സൗകര്യം ഒരുക്കികൊണ്ട് രോഗങ്ങളെ പ്രതിരോധിക്കുന്നതിൻറെ ആദ്യ ചുവടുവെക്കാം.
Content Highlights: Learn how to prevent bacterial wilt, stem rot, and leaf spot diseases in monsoon vegetable garden