പാടശേഖരങ്ങളിൽ കരിഞ്ചാഴി; ജാഗ്രത വേണം, അറിയാം നിയന്ത്രണ മാർഗ്ഗങ്ങൾ

പാടശേഖരങ്ങളിലെ കരിഞ്ചാഴി ശല്യം | Photo: PRD
പാടശേഖരങ്ങളിലെ കരിഞ്ചാഴി ശല്യം | Photo: PRD

ആലപ്പുഴ: പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളിൽ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം കൃഷി പാടശേഖരങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്. കൃഷി നാശമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രതവേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.

വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളിൽ ഇലകളിലാണ് ഇത്തരം ചാഴികൾ കയറിയിരിക്കുക. അല്ലെങ്കിൽ മണ്ണിലും ചെടികളുടെ ചുവടുഭാഗത്തുമായിരിക്കും കീടസാന്നിധ്യം കാണുക. നീരുറ്റിക്കുടിക്കുന്ന ഈ കീടം വദനഭാഗത്ത് ഇരവശങ്ങളിലായുള്ള മുള്ളുകൾ കൊണ്ട് ഇലകളിലും നടുനാമ്പിലും മുറിവുകൾ ഉണ്ടാക്കുകയും ഈ ഭാഗം വച്ച് ഇലകൾ മുറിഞ്ഞു പോവുകയോ നടുനാമ്പ് വാടിപ്പോവുകയോ ചെയ്യും. കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവുകളിലൂടെ ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയയുടെ വ്യാപനം ഉണ്ടാകാനും സാധ്യതയുണ്ട്. ആക്രമണം കൂടുതലാകുന്ന സാഹചര്യത്തിൽ ചെടികളിൽ വളർച്ച മുരടിപ്പ്, മഞ്ഞളിപ്പ്, നടുനാമ്പു വാട്ടം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. 

നിയന്ത്രണ മാർഗ്ഗങ്ങൾ:

ചുവടുമുങ്ങും വിധം വെള്ളം കയറ്റിയിട്ടാൽ ചുവട്ടിൽ നിന്നും ചാഴികൾ മുകളിലേയ്ക്ക് കയറും. ഇതുവഴി ചുവട്ടിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നത് ഒഴിവാക്കാനാകും. മാത്രമല്ല വെള്ളം കയറി ആറ് മണിക്കൂറിൽ കൂടുതൽ ചുവട്ടിലെ ഇലകൾ മുങ്ങിക്കിടന്നാൽ ഈ ഇലകളിലിട്ട മുട്ടക്കൂട്ടങ്ങൾ നശിക്കുകയും ചെയ്യും. മുകളിലേയ്ക്കു കയറുന്ന ചാഴികളെ പക്ഷികളും മറ്റും ആഹാരമാക്കും. ഇരപിടിയന്മാരായ തറവണ്ടുകൾ, ആമവണ്ടുകൾ എന്നിവ മുട്ടക്കൂട്ടങ്ങളെ തിന്നു നശിപ്പിക്കും.

മേഖലയിലെ മിക്ക കൃഷിയിടങ്ങളിലും ഇവയുടെ സാന്നിധ്യം കാണുന്നുണ്ട്. വെളുത്ത വാവിനോട് അടുത്ത ദിവസങ്ങളിലാണ് കീടസംഖ്യയിൽ വർദ്ധനവുണ്ടാകുന്നത്. കീടസംഖ്യ കൂടുതലായി കാണുകയും നെല്ലിൽ ഓല മഞ്ഞളിപ്പ്, വളർച്ച മുരടിപ്പ്, നടുനാമ്പ് വാട്ടം മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ സാങ്കേതിക ഉപദേശം അനുസരിച്ച് കീടനാശിനി പ്രയോഗം നടത്താം. ജൈവകൃഷി രീതികൾ അനുവർത്തിക്കുന്ന കൃഷിയിടങ്ങളിൽ അസാഡിറക്ടിൻ1 500 പിപിഎം ഏക്കറിന് ഒരു ലിറ്റർ എന്ന തോതിൽ തളിച്ചു കൊടുക്കാം.

മെറ്റാറൈസിയം, ബെവേറിയ, മിത്രനിമാവിരകൾ എന്നിവ പ്രയോഗിച്ചും കീടസംഖ്യ നിയന്ത്രണ വിധേയമാക്കാവുന്നതാണ്. രാസകീടനാശിനികൾ പ്രയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ തരി രൂപത്തിലുള്ളവ പ്രയോഗിക്കുകയാണ് അഭികാമ്യം. രാസവളങ്ങളോടൊപ്പം ഇവ ചേർത്ത് പ്രയോഗിക്കാം. തരി രൂപത്തിലുള്ള കീടനാശിനികൾ രാസവളത്തോടൊപ്പം ചേർത്ത് പ്രയോഗിക്കുമ്പോൾ കൂടുതൽ ഫലപ്രാപ്തിക്ക് മിനുക്കം വെള്ളം കണ്ടത്തിൽ നിലനിർത്തണം. 

Content Highlights: Black bug infestation reported in Alappuzha paddy fields. Learn control methods