മാവിന് ചുവട്ടിൽ പുകയിട്ടാൽ മാങ്ങയുണ്ടാകുമോ? 'സ്മഡ്‌ജിങ്' അറിയാം, മറ്റു പുഷ്പിക്കൽ രഹസ്യങ്ങളും

മാവിന്റെ പുഷ്പിക്കലും കായ്‌പിടിത്തവും മിക്കപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. തൈയുടെ പ്രായം, വളങ്ങളുടെ സന്തുലിതാവസ്ഥ, ഇലകളുടെ പക്വത, രാത്രിയും പകലുമുള്ള താപനിലകളുടെ അന്തരം, ജലസമ്മർദം, ആർദ്രത, മരത്തിലെ അന്നജശേഖരത്തിന്റെ തോത്, ചില സസ്യഹോർമോണുകളുടെ സന്തുലനം, രോഗ-കീടബാധ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പുഷ്പിക്കലിനെ നേരിൽ സ്വാധീനിക്കുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ പാരമ്പരാഗതമായും ആധുനികരീതിയിലും ചില സാങ്കേതികവിദ്യകൾ ശുപാർശചെയ്തുവരുന്നു. ഇതിലൊന്നാണ് മാവിന്റെ ചുവട്ടിൽ കരിയിലയും മറ്റും കൂട്ടി ജൈവമാർഗത്തിൽ പുകയ്ക്കുക എന്നത്. ഇതിന് ശാസ്ത്രീയമായി ‘സ്മഡ്‌ജിങ്’ എന്നാണ് പറയുന്നത്.
ഇത് മാവ് പൂക്കാൻ മാത്രമല്ല, സീസൺ അല്ലാത്ത സമയത്തും (ഓഫ് സീസൺ) മാങ്ങ കിട്ടാൻ ഇടയാക്കും. എന്നാൽ, ഇതിനു ചില നിബന്ധനകളുണ്ട്. ശിഖരങ്ങൾക്ക് ഒരു വയസ്സ് പ്രായമാകുമ്പോഴും ഇലകൾ മങ്ങിയ പച്ചനിറത്തിൽനിന്ന് ചെമ്പുനിറം കൈവരിക്കുമ്പോഴും അഗ്രമുകുളങ്ങൾ നന്നായി വികസിക്കുമ്പോഴും പുകയ്ക്കണം. ഇത് ചെയ്തിട്ടും രണ്ടാഴ്ച കഴിഞ്ഞു പൂമൊട്ടുകൾ ഉണ്ടാകുന്നില്ലെങ്കിൽ 1-2 മാസം കഴിയുമ്പോൾ പുകയ്ക്കൽ ഒന്നുകൂടെ ആവർത്തിക്കാം. ഇവിടെ പുകയ്ക്കുമ്പോൾ ഉണ്ടാകുന്ന എത്തിലീൻ വാതകമാണ് പൂക്കാൻ പ്രേരകമാകുന്നത്.
കായികവളർച്ചയിൽനിന്ന് പ്രത്യുത്‌പാദനഘട്ടത്തിലേക്ക് മാറ്റാൻ ഇതിന് ഒരുപരിധിവരെ കഴിയും. മറ്റെല്ലാ സാഹചര്യവും ഒത്തുവന്നാൽ പൂമൊട്ടുകളുടെ ഉത്‌പാദനവും ത്വരപ്പെടും. ഇതിനായി കരിയിലകൾ, വയ്‌ക്കോൽ, ഉണങ്ങിയ തൊണ്ട്, മറ്റു സസ്യാവശിഷ്ടങ്ങൾ എന്നിവ ഉപയോഗിക്കാം. പുകയ്ക്കുമ്പോൾ വെറുതേ തീ കത്തിച്ചുതീർക്കാതെ പച്ചപ്പുല്ലോ മറ്റോ ഇട്ടും വേണമെങ്കിൽ അല്പം നനച്ചും കട്ടിപ്പുക ഉണ്ടാകാനും മാവിൽ ഏൽക്കാനും ശ്രദ്ധിക്കണം. ഇത് പൂമൊട്ടുകൾ ഉണ്ടാകുന്നതുവരെ തുടരുന്നതിലും തെറ്റില്ല. പരമ്പരാഗത രീതിയെങ്കിലും ഇതിനു ചില പരിമിതികളുമുണ്ട്.
തായ്ത്തടിയിലെ പുറംതൊലി രണ്ട് സെ. മീറ്റർ വീതിയിൽ വളയത്തിലോ, അല്ലെങ്കിൽ അല്പം ഒരു ഭാഗത്തുനിർത്തി ഭാഗികമായോ നീക്കംചെയ്യുക എന്നതാണ് മറ്റൊന്ന്. ഇനിയൊന്ന് കൾട്ടാർ എന്ന ഹോർമോൺ പ്രയോഗമാണ്. വലിയ മരത്തിനു 20 മില്ലിയും ചെറിയ മരത്തിന് 10 മില്ലിയും മതി.
20 മില്ലി 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി മരത്തിനു നാലുവശത്തും ഒരു മീറ്റർ അകലത്തിലായി അര അടിയിൽ കുറയാതെ ആഴമുള്ള നാല് കുഴികുത്തി അതിൽ അഞ്ചുലിറ്റർ ലായനിവീതം ഓരോ കുഴിയിലും ഒഴിക്കണം. മഴ മാറിനിൽക്കുമ്പോൾ രണ്ടുദിവസം തുടർച്ചയായി ചുവടു നനച്ചശേഷം നാലാം ദിവസം പ്രയോഗിക്കുന്നതാണ് ഉത്തമം. കുഴി മൂടി തുടർന്ന് അഞ്ചുദിവസം രണ്ടുനേരം വീതം നന്നായി നനയ്ക്കുകയും വേണം.
Content Highlights: Boost your 2026 mango harvest with expert smudging techniques and hormonal applications. Learn how to trigger off-season flowering effectively.