തണലൊരുക്കി വളർത്താം; കൊക്കോ കൃഷി ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ

#സുരേഷ് മുതുകുളം
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ കൊക്കോയുടെ പ്രധാന നടീൽകാലമായ ജൂൺ-ജൂലായ് കഴിഞ്ഞും നടാം. തൈകൾക്ക് 50 ശതമാനമെങ്കിലും തണൽ കിട്ടാനുള്ള സൗകര്യം നിർബന്ധമായും ചെയ്യണം. ഇതിന് ആദ്യത്തെ ഒന്നുരണ്ടു വർഷക്കാലം തെങ്ങോലയോ, തണൽവലയോ ഉപയോഗിക്കാം.

പുതയിടാൻ തേങ്ങയുടെ തൊണ്ടോ, കരിയിലകളോ, വാഴപ്പോളയോ ലഭ്യത അനുസരിച്ചു ഉപയോഗിക്കാം. തെങ്ങിൻ തോപ്പിലോ, കമുകിൻ തോട്ടത്തിലോ ലഭ്യമായ പ്രകൃതിദത്തമായ സൂക്ഷ്മകാലാവസ്ഥയിൽ ഇടവിളയായി വളർത്താൻ ശ്രമിക്കണം.

തൈ ആയിരിക്കുമ്പോൾ 50 ശതമാനം തണലാണ് വേണ്ടതെങ്കിൽ കുറച്ചുകൂടെ വളർന്നാലും തണലിന്റെ ആവശ്യം 40 ശതമാനം ആണ്. തെങ്ങിൻ തോപ്പിൽ നടുമ്പോൾ നൽകേണ്ട അകലം 7.5 x 7.5 മീറ്ററാണ്. അതായത് രണ്ടു വരി തെങ്ങുകൾക്കിടയിൽ മൂന്നു മീറ്റർ വിട്ട് ഒരു വരി കൊക്കോ തൈകൾ. രണ്ടു തെങ്ങുകൾക്കു നടുവിൽ ഒരു കൊക്കോ തൈ. കമുകിൻ തോട്ടത്തിൽ ഇത് 2.7 x 2.7 എന്നതാണ്. ഇവിടെ രണ്ടു വരി അടയ്ക്കാമരങ്ങൾക്കിടയിൽ 2.7 മീറ്റർ വിട്ട് ഒരു വരി തൈകൾ.

നടീൽ: 50 സെന്റീമീറ്റർ വീതം നീളം, വീതി, ആഴമുള്ള കുഴികളെടുത്തു അവയിൽ മേൽമണ്ണ്, ഉണങ്ങിയ ചാണകം, ഡോളോമൈറ്റ്‌ എന്നിവ കലർത്തിയ മിശ്രിതം നിറയ്ക്കുക. തുടർന്ന് കുഴിയുടെ നടുവിലായി ഒരു പിള്ളക്കുഴിയെടുക്കുക. തൈ വളർത്തിയിരിക്കുന്ന പോളിത്തീൻ കവറിലെ മൺ മിശ്രിതം പോകാതെ വേരുകൾക്ക് ഇളക്കം തട്ടാതെ കവറിൽ നിന്ന് തൈ ഇളക്കി നടുക. ആഴത്തിൽ നടേണ്ടതില്ല. തടത്തിൽ മണ്ണ് അമർത്തിക്കൊടുക്കുക. തൈകൾ കാറ്റത്തു മറിയാതിരിക്കാൻ ഊന്നു കൊടുക്കുകയും വേണം.

വളർച്ചയുടെ ആദ്യവർഷം ഒരു തൈക്കു ഒരു ദിവസം മൂന്നു മുതൽ അഞ്ച് ലിറ്റർ വരെ വെള്ളം വേണം. ഇതുതന്നെ രണ്ടാം വർഷമാകുമ്പോൾ 10 ലിറ്റർ വരെ വെള്ളം വേണം. മൂന്നു വർഷവും അതിനുശേഷവും ദിവസവും 20-25 ലിറ്റർ വെള്ളം.

കായ്കൾ ഉണ്ടാകുന്നത് മരത്തിന്റെ തടിയിലാണ്. തടികളിൽ സൂര്യപ്രകാശം പതിക്കുന്നതിന് തടസ്സമാകുന്നത് തിങ്ങിവളരുന്ന ചെറുശിഖരങ്ങളാണ്. അത്തരം ശിഖരങ്ങൾ മുറിച്ചുനീക്കി മരത്തിന്റെ ആകൃതിയും വലുപ്പവും ക്രമീകരിക്കണം. ഇത്തരത്തിൽ കൊമ്പുകൾ മുറിച്ചുനീക്കിയാൽ മുറിവുകളിൽ ബോർഡോ കുഴമ്പ് തേക്കാനും ശ്രദ്ധിക്കണം. കൊമ്പുകോതാൻ പറ്റിയത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളാണ്. തെങ്ങിൻതോപ്പിലാണ് കൃഷിയെങ്കിൽ കൊക്കോയുടെ ഉയരം നിയന്ത്രിക്കാൻ രണ്ടു തട്ടുകളായി നിർത്തുകയും വേണം.

Content Highlights: Expert tips for cocoa cultivation, including ideal shade, spacing, and watering requirements.