പഞ്ചായത്തുതല സർവേ വരുന്നു; കർഷകരുടെ ആവശ്യങ്ങൾ അറിഞ്ഞ് പുതിയ പരിശീലന പദ്ധതി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിക്കുന്നതിനുമായി ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ജില്ലാതല ശില്പശാലകൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. കാർഷിക മേഖലയുടെ നവീകരണത്തിനായി കർഷകർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകുന്നതിന്റെ മുന്നോടിയായാണ് ശില്പശാലകൾ.
ഓൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രയിംഗ് (AWD) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിലും കാർബൺ ക്രെഡിറ്റ് വിപണിയിലെ പങ്കാളിത്തത്തിലും കർഷകരെ ശാക്തീകരിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ഇതിനു പുറമെ മണ്ണ്-ജല സംരക്ഷണം, ഡിജിറ്റൽ കൃഷിരീതികൾ, മാനേജ്മെന്റ് മികവ് എന്നിവയിലൂടെ കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കും. ഭരണനിർവഹണത്തിലും നൂതന സാങ്കേതിക വിദ്യകളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.
ജില്ലാതല ശില്പശാലകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലന ആവശ്യകത പഠിക്കുന്നതിനുള്ള സർവേയുടെ നടപടിക്രമങ്ങൾക്ക് ഉടൻ അന്തിമരൂപം നൽകും. ഇതിനു പിന്നാലെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും കർഷകരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായുള്ള വിപുലമായ സർവേ ആരംഭിക്കും. ഈ സർവേയിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ചായിരിക്കും സമഗ്ര പരിശീലന പദ്ധതികൾക്ക് രൂപം നൽകുന്നത്
വെൺപാലവട്ടം സമേതിയിൽ നടന്ന ചടങ്ങിൽ സമേതി ഡയറക്ടർ ടി. മിനി ശില്പശാലകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു. സുസ്ഥിര കൃഷിയിലൂടെ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. കേര പ്രോജക്ട് പ്രൊക്യൂർമെന്റ് ഓഫീസർ സുരേഷ് സി തമ്പി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജേക്കബ് ജോയ്, ഡോ. എ.എസ്. അനിൽകുമാർ തുടങ്ങിയ കാർഷിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Content Highlights: World Bank-funded KERA project launches workshops in Kerala to empower farmers with climate-resilient agriculture techniques and modern practices for sustainable farming.