റബ്ബർവിലയിൽ വൻ ഇടിവ്, 200-ന് താഴേക്ക്; ഒട്ടുപാലിന്റെ വിലയും ഇടിഞ്ഞു

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കോട്ടയം: കുതിപ്പ് നേടിയ റബ്ബർവിലയിൽ പത്തുദിവസത്തിനുശേഷം വൻ ഇടിവ്. ജൂലായ് 23-ന് വ്യാപാരികൾ പ്രസിദ്ധീകരിച്ച ആർഎസ്എസ് നാല് ഗ്രേഡിന്റെ വില 204 രൂപയായിരുന്നു. 31-ന് വില 199-ലേക്ക് പോയി. ആർഎസ്എസ് നാലിന് ഔദ്യോഗിക വ്യാപാരിവിലയെക്കാൾ കൂടിയ നിരക്കിൽ ഒറ്റപ്പെട്ട കച്ചവടം നടന്നതാണ് മേഖലയ്ക്ക് പ്രതീക്ഷയേകിയത്.

അന്ന് 214 രൂപവരെ വിലയിട്ട് ചരക്കെടുത്തു. ചരക്കുക്ഷാമം രൂക്ഷമായിരിക്കേ, വിപണിയിലെത്തുന്ന കുറഞ്ഞ അളവിലുള്ള റബ്ബർ മെച്ചപ്പെട്ട വില നൽകി ഇടപാടുകാർ എടുത്തതാണ് മുന്നേറ്റത്തിനിടയാക്കിയത്. മഴ കുറഞ്ഞ് ചരക്ക് കൂടുതലായി എത്തുമെന്ന പ്രതീതി വന്നതാണ് വില കുറയാൻ കാരണം. ടയർ കമ്പനികൾ ചരക്കെടുപ്പ് ജാഗ്രതയോടെയാക്കാനും തീരുമാനിച്ചു.

അന്താരാഷ്ട്രവിലയും വളരെ താഴെയാണ്. ബാങ്കോക്കിൽ ആർഎസ്എസ് നാലിന് വില 179 രൂപയാണ്. ഇൗ സാഹചര്യത്തിൽ ഇറക്കുമതി കൂട്ടിയേക്കും. മാസം 35,000-40,000 ടൺവീതം ഇറക്കുമതി ഇപ്പോഴുണ്ട്. കോമ്പൗണ്ട് റബ്ബറും ശരാശരി 20,000 ടൺവീതം എത്തുന്നു.

ഒട്ടുപാലിന്റെ വിലയും ഇടിഞ്ഞു. 76 ശതമാനം ഡിആർസിക്ക് 127 രൂപയായി. ഒരാഴ്ചയ്ക്കിടെ 10-12 രൂപവരെയാണ് ഇടിഞ്ഞത്. ആഭ്യന്തരവില ഉയർന്നതോടെ ക്രമ്പ് ഉപയോഗിക്കുന്നവർ ചരക്കെടുപ്പ് കുറച്ചതാണ് വില ഇടിയാൻ കാരണം.

Content Highlights: Rubber Prices Plummet Below ₹200 in India