റബ്ബറിൽ പ്രശ്നമെന്ത് ? പഠിക്കാൻ ‘ആത്മ’

കോട്ടയം: പരമ്പരാഗത റബ്ബർ മേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കേരളത്തിലെ രണ്ടുജില്ലയിൽ ടയർ ഉത്പാദകരുടെ സംഘടനയായ ‘ആത്മ’ പഠനം നടത്തും. കഴിഞ്ഞദിവസം റബ്ബർ ബോർഡ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. വ്യാപാരികൾ ശുപാർശചെയ്ത കൊല്ലം, പാലക്കാട് ജില്ലകളിലാകും പഠനം.
കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് കേരളത്തിൽ മണ്ണിന്റെ ഘടനയ്ക്ക് മാറ്റംവന്നു. റബ്ബറുത്‌പാദനം കുറഞ്ഞു. ഇലകൊഴിച്ചിൽ നേരത്തേയാകുന്നു. റബ്ബർ ആദായകരമല്ലാത്തതിനാൽ മറ്റുകൃഷിയിലേക്ക് കർഷകർ മാറുകയാണ്. ടാപ്പർമാരുടെ കുറവും വലിയ പ്രതിസന്ധിയാണ്. ഷീറ്റ് ഉത്‌പാദനം വേണ്ടെന്നുവെച്ച് ലാറ്റക്സ് വിൽപ്പനയിലേക്ക് പലരും മാറി. ഈ പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിച്ചതായി ഇന്ത്യൻ റബ്ബർ ഡീലേഴ്‌സ് ഫെഡറേഷന്റെ (ഐആർഡിഎഫ്) പ്രസിഡന്റ് ജോർജ് വാലി പറഞ്ഞു.
കേരളത്തിൽ റബ്ബർ വ്യാപാരികളുടെ എണ്ണം കുറഞ്ഞെന്നും, ഉത്‌പാദനം കൂട്ടാൻ നടപടി വേണമെന്നും വ്യാപാരികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. 2013-ൽ കേരളത്തിൽ 7772 റബ്ബർ വ്യാപാരികളുണ്ടായിരുന്നത് ഇപ്പോൾ 5263 ആയി. ഇപ്പോഴത്തെ സ്ഥിതിയിൽ എണ്ണം ഇനിയും കുറയാനാണ് സാധ്യത. കേരളത്തിൽ റബ്ബറുത്‌പാദനം കൂട്ടാൻ ‘ആത്മ’യ്ക്ക് ഐആർഡിഎഫ് നിർദേശങ്ങൾ സമർപ്പിച്ചു.
കഴിഞ്ഞ 12 വർഷത്തെ ആർഎസ്‌എസ്-4 ശരാശരിവില 146 രൂപയാണെന്നും, കിലോയ്ക്ക് 225 രൂപയെങ്കിലും കിട്ടിയാൽമാത്രമേ കർഷകർ ഈ രംഗത്ത് തുടരുകയുള്ളൂവെന്നും ജോർജ് വാലി പറഞ്ഞു.
ആവർത്തനക്കൃഷി, സ്പ്രേയിങ് എന്നിവയ്ക്കെല്ലാം കർഷകർക്ക് സബ്‌സിഡി കൊടുക്കുക, ആർഎസ്‌എസ്-4 ഉത്‌പാദിപ്പിക്കുന്ന ടാപ്പർമാർക്ക് ഇൻസെന്റീവ് നൽകുക, റെയിൻഗാർഡിങ്ങിനുള്ള വസ്തുക്കൾ നൽകുക, വെട്ടാതെ കിടക്കുന്ന തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ സഹായം നൽകുക എന്നീ നിർദേശങ്ങളാണ് ഉത്‌പാദനം കൂട്ടാൻ വ്യാപാരികൾ മുന്നോട്ടുവെച്ചിട്ടുള്ളത്.
Content Highlights: Explore the challenges facing Kerala`s rubber industry. ATMA`s study in Kollam & Palakkad aims to find solutions for declining production & farmer distress.