ചൂട് കൂടി, നെല്ല് കുറഞ്ഞു

കോട്ടയം: സാധാരണയായി നെല്ലുകതിരിട്ട് 30 ദിവസമെടുക്കും പാലുറച്ച് നെല്ല് മൂക്കാന്‍. എന്നാല്‍, അന്തരീക്ഷതാപനില 35 ഡിഗ്രിയില്‍ കൂടുതലാണെങ്കില്‍ ഈ പ്രക്രിയ പൂര്‍ണമായും പൂര്‍ത്തിയാവില്ല. ഈ വര്‍ഷം അല്പം വൈകി കൃഷിതുടങ്ങിയ സ്ഥലത്ത് ഈ പ്രശ്‌നം രൂക്ഷമായി ബാധിച്ചതായി കാണുന്നുണ്ടെന്ന് ആലപ്പുഴ മങ്കൊന്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ പ്രൊഫസര്‍ നിമ്മിജോസ് പറഞ്ഞു.
കുമരകം, നാട്ടകം, കുമാരനല്ലൂര്‍, തിരുവാര്‍പ്പ്, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നെല്ലുത്പാദനത്തില്‍ വന്‍ ഇടിവുണ്ടായെന്ന് കര്‍ഷകസംരക്ഷണസമിതി ജില്ലാപ്രസിഡന്റ് റെജീനാ അഷ്‌റഫ് പറയുന്നു.
''കുടുംബാംഗങ്ങളുടെ വക നാല്പതേക്കര്‍ പാടത്താണ് കൃഷിയിറക്കിയത്. ഒരേക്കറിന് ചെലവ് 35,000 രൂപവരും. മുന്പ് നല്ലവിളവ് കിട്ടിയപ്പോള്‍ മൊത്തം പാടത്തുനിന്ന് എട്ടുലക്ഷം രൂപവരെ ലാഭം കിട്ടിയിരുന്നു.
എന്നാല്‍, ഇക്കുറി കൊയ്താല്‍ ആ കൂലികൂടി നഷ്ടമാകും.''-പാടംകത്തിച്ചുകളയാന്‍ തയ്യാറെടുക്കുന്ന കോട്ടയം ചെങ്ങളം ദൈവത്തറ വീട്ടില്‍ ഡി.എ. മക്കാര്‍ പറയുന്നു.
കൃഷിവകുപ്പ് നഷ്ടംരേഖപ്പെടുത്തിയെങ്കിലും തുകയെത്ര ലഭിക്കുമെന്നോ എന്നുലഭിക്കുമെന്നോ ഒരു വ്യക്തതയുമില്ലെന്നും തുക ഉടന്‍ നല്‍കാന്‍ നടപടിയെടുക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
Content Highlights: rise in temperature; paddy cultivation impacted badly